കഴിഞ്ഞ ഒരു മാസത്തിലേറെയായി സിര്‍ത് നഗരത്തിന്റെ നിയന്ത്രണം തിരികെ പിടിക്കാന്‍ ലിബിയന്‍ സൈന്യം ഇസ്ലാമിക് സ്റ്റേറ്റുമായി കനത്ത പോരാട്ടത്തിലാണ്. സിര്‍ത്തിലെ രണ്ട് ജില്ലകളുടെ നിയന്ത്രണം ഇപ്പോഴും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കാണ്. ആ പ്രദേശം കൂടി തിരിച്ചുപിടിക്കാനാണ് സൈന്യത്തിന്റെ നീക്കം. സിര്‍ത് പൂര്‍ണ്ണ നിയന്ത്രണത്തിലാക്കാനുള്ള അവസാന യുദ്ധം തുടങ്ങിയതായി സൈന്യം അറിയിച്ചു. ആയിരത്തിലേറെ പേരാണ് അന്തിമ യുദ്ധത്തില്‍ പങ്കെടുക്കുന്നത്.
പോരാട്ടം രൂക്ഷമായതോടെ ഇരു ഭാഗത്തും ആള്‍നാശവുമുണ്ടായി. 35 സൈനികര്‍ കൊല്ലപ്പെട്ടതായി സിര്‍തിലെ ആശുപത്രി അധികൃതര്‍ അറിയിച്ചു. എത്ര തീവ്രവാദികളെ സൈന്യം വകവരുത്തിയെന്നത് സംബന്ധിച്ച കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല. മുഅമ്മര്‍ ഗദ്ദാഫിയുടെ ജന്മദേശമായ സിര്‍തിന്റെ നിയന്ത്രണം കഴിഞ്ഞ വര്‍ഷമാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ പക്കലാകുന്നത്. മേയില്‍ സൈന്യം നഗരം തിരിച്ചു പിടിക്കാനുള്ള ശ്രമം തുടങ്ങി. സിര്‍ത് നഷ്‌ടമാകുന്നത് ഇസ്ലാമിക് സ്റ്റേറ്റിന് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
