ദില്ലി: സിഖ് വിരുദ്ധ കൂട്ടക്കൊലക്കേസില്‍ മുന്‍ കോണ്‍ഗ്രസ് എം പി സജ്ജന്‍ കുമാര്‍ കോടതിയില്‍ കീഴടങ്ങി. ജീവപരന്ത്യം തടവിന് ശിക്ഷിക്കപ്പെട്ട ഇദ്ദേഹത്തെ മണ്‍ഡോളി ജയിലിലേക്ക് മാറ്റി. രാജ് നഗറില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലും ഒരു ഗുരുദ്വാരയ്ക്ക് തീവെച്ച കേസിലുമാണ് ഹൈക്കോടതി സജ്ജന്‍കുമാറിനെ ശിക്ഷിച്ചത്. കീഴ്ക്കോടതി ആദ്യം സജ്ജന്‍ കുമാറിനെ വെറുതെ വിട്ടിരുന്നു.

എന്നാല്‍ സംഭവത്തെ വംശഹത്യ എന്ന് വിശേഷിപ്പിച്ച ഹൈക്കോടതി ഇന്നേക്കകം കീഴടങ്ങാന്‍ സജ്ജന്‍കുമാറിനോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ കീഴടങ്ങാന്‍ ഒരു മാസം സമയം കൂടി നല്കണമെന്ന് സജ്ജന്‍കുമാര്‍ അഭ്യര്‍ഥിച്ചു. മൂന്ന് മക്കളും എട്ട് പേരക്കുട്ടികളുമുള്ള തനിക്ക് സ്വത്ത് ഭാഗം വെയ്ക്കാന്‍ സമയം വേണം എന്നായിരുന്നു ന്യായം. ഹൈക്കോടതി ഇത് തള്ളിയതിനെ തുടര്‍ന്നാണ് ഉച്ചയോടെ കീഴടങ്ങിയത്.

തുടര്‍ന്ന് മണ്‍ഡോളി ജയിലിലേക്ക് മാറ്റി. 84 ഒക്ടോബര്‍ 31 ന് പ്രധാന മന്ത്രി ഇന്ദിരാഗാന്ധിയെ സിഖുകാരായ സുരക്ഷാ ഭടന്‍മാര്‍ വധിച്ചതിനെ തുടര്‍ന്നാണ് സിഖ് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടത്. മൂന്ന് ദിവസമായി നടന്ന കലാപത്തില്‍ ദില്ലിയില്‍ മാത്രം മുവായിരം പേര്‍ മരിച്ചു. അഞ്ച് പേരെ കൊലപ്പെടുത്തിയ രാജ് നഗര്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ എംപിയായിരുന്നു അന്ന് സജ്ജന്‍ കുമാര്‍