ഉത്തർപ്രദേശ്: സംസ്ഥാന​ മുഖ്യമന്ത്രി യോഗി ആതിദ്യനാഥിന്‍റെ​ പ്രഖ്യാപനത്തിൽ മതിമറന്നിരിക്കുകയായിരുന്നു മംമറിജ്​പുറിലെ ചെറുകിട കർഷകനായ അശ്വിനികുമാർ. അധികാരത്തിൽ വന്ന്​ ഒരു മാസം കഴിഞ്ഞ്​ നടത്തിയ പ്രഖ്യാപനത്തിൽ ചെറുകിട കർഷകരുടെ വായ്​പകൾ എഴുതിതള്ളുമെന്നായിരുന്നു മുഖ്യമന്ത്രി വ്യക്​തമാക്കിയത്​. തന്‍റെ 78070 രൂപയുടെ വായ്​പ എഴുതിതള്ളാനായി സർക്കാർ പട്ടികയിൽ പേര്​ വരാനുളള നിർദേശപ്രകാരം അശ്വിനികുമാർ ആധാർ കാർഡ്​ ഉൾപ്പെടെയുള്ള രേഖകൾ നൽകി. മാസങ്ങൾ കഴിഞ്ഞപ്പോഴാണ്​ അശ്വനികുമാർ ശരി​ക്കും ഞെട്ടിയത്. തന്‍റെ വായ്​പയിൽ നിന്ന്​ സർക്കാർ എഴുതിതള്ളിയത്​ 35 പൈസ മാത്രം.

പ്രാദേശിക പത്രപ്രവർത്തകനിൽ നിന്ന്​ വിവരം അറിഞ്ഞ ഇയാൾ അടുത്ത ദിവസം ബാങ്കിൽ എത്തി വിവരം ശരിയാണെന്ന്​ ഉറപ്പാക്കി. ആദ്യഘട്ടത്തിൽ 11 ലക്ഷത്തിൽ അധികം കർഷകരുടെ 360000 കോടി രൂപയുടെ വായ്​പ എഴുതി തള്ളുന്ന സർക്കാർ പദ്ധതിയുടെ ഒരു ഗുണഭോക്​താവാണ്​ ഇൗ കർഷകൻ. മൊത്തം 1193224 കർഷകരുടെ​ വായ്​പ എഴുതി തള്ളുന്ന പദ്ധതിയുടെ സർട്ടിഫിക്കറ്റ്​ വിതരണ ചടങ്ങും സർക്കാർ നടത്തി കഴിഞ്ഞു. 

തുച്​ഛമായ തുകയാണ്​ പല കർഷകരുടെതും എഴുതി തള്ളാൻ സർക്കാർ തയാറായത്​. ഇത്​ താൻ യോഗിയുടെ സർക്കാറിൽ നിന്ന്​ പ്രതീക്ഷിച്ചില്ലെന്നാണ്​ അശ്വിനികുമാർ പറയുന്നത്​. കീടങ്ങളുടെ ആക്രമണത്തിൽ കൃഷി നാശത്തി​ന്‍റെ വക്കിലുമാണ്​. എങ്ങനെ ​വായ്​പ തിരിച്ചടക്കുമെന്ന്​ ഇയാൾക്ക്​ അറിയില്ല. വായ്​പ എഴുതിതള്ളൽ പ്രഖ്യാപനം നടപ്പിൽ വന്നപ്പോൾ കർഷകർക്ക്​ മോഹഭംഗം മാത്രമാണ്​ സമ്മാനിച്ചതെന്നാണ്​ കർഷകർ തന്നെ പറയുന്നത്​.