Asianet News MalayalamAsianet News Malayalam

ഗുജറാത്തില്‍ തൊഴില്‍രഹിതര്‍ 4.05 ലക്ഷം യുവാക്കള്‍; തൊഴില്‍ പ്രതിസന്ധി രൂക്ഷം

എന്നാല്‍, 2015നെ അപേക്ഷിച്ച് തൊഴില്‍രഹിതരുടെ എണ്ണത്തില്‍ വലിയ കുറവ് കൊണ്ടു വരുവാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി വിപുല്‍ മിത്ര പറഞ്ഞു

4.05 lakh jobless in Gujarat
Author
Ahamdabad, First Published Jan 11, 2019, 11:40 AM IST

അഹമ്മദാബാദ്: ഗുജറാത്തില്‍ 4.05 ലക്ഷം യുവാക്കള്‍ ഒരു തൊഴില്‍ ലഭിക്കാനുള്ള അലച്ചിലിലാണെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന തൊഴില്‍ മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഓരോ വര്‍ഷവും 1.25 ലക്ഷം പേരാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി തൊഴില്‍ തേടി ഇറങ്ങുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലയിലും ഗുജറാത്ത് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സെമിനാറുകള്‍ നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഈ കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍, 2015നെ അപേക്ഷിച്ച് തൊഴില്‍രഹിതരുടെ എണ്ണത്തില്‍ വലിയ കുറവ് കൊണ്ടു വരുവാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി വിപുല്‍ മിത്ര പറഞ്ഞു.

കൂടുതല്‍ അവസരങ്ങളും സംവിധാനങ്ങളും ഒരുക്കി കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാനുള്ള ശ്രമത്തിലാണ് തൊഴില്‍ മന്ത്രാലയം. കൂടാതെ ക്യാമ്പസുകളില്‍ നിന്ന് നേരിട്ട് റിക്രൂട്ട്മെന്‍റ് ചെയ്യുന്ന പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയ്ക്ക് ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ ദൃശ്യമാകുന്ന വര്‍ഷമാണ് 2018 എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അസിം പ്രേംജി സര്‍വ്വകലാശാലയിലെ സുസ്ഥിര വികസന സെന്‍റര്‍ പുറത്തുവിട്ട 'സ്റ്റേറ്റ് ഓഫ് വര്‍ക്കിംഗ് ഇന്ത്യ 2018' പഠന റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച പരാമര്‍ശമുളളത്. സര്‍വ്വകലാശാലയുടെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തിന്‍റെ ജിഡിപി വളര്‍ച്ചയും തൊഴില്‍ സൃഷ്ടിയും തമ്മിലുളള ബന്ധം നാള്‍ക്ക് നാള്‍ മോശമായി വരുകയാണ്. 

Follow Us:
Download App:
  • android
  • ios