മുണ്ടൻ മുടി കാനാട്ട് കൃഷ്ണൻ, ഭാര്യ രണ്ട് മക്കൾ എന്നിവരെയാണ് കഴിഞ്ഞ നാല് ദിവസമായി കാണാനില്ലന്ന് നാട്ടുകാർ പറയുന്നത്. 

ഇടുക്കി: മുണ്ടൻമുടി കമ്പക്കാനത്ത് ഒരു കുടുംബത്തിലെ നാലു പേരെ കാണാനില്ല. മുണ്ടൻ മുടി കാനാട്ട് കൃഷ്ണൻ, ഭാര്യ രണ്ട് മക്കൾ എന്നിവരെയാണ് കഴിഞ്ഞ നാല് ദിവസമായി കാണാനില്ലന്ന് നാട്ടുകാർ പറയുന്നത്. കാളിയാർ പോലീസെത്തി വീട് തുറന്നു പരിശോധന നടത്തി വരികയാണ്. വീടിനുള്ളിലും ഭിത്തിയിലും രക്തം പുരണ്ടിട്ടുള്ളതായും നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്.

നാലു ദിവസമായി അയല്‍ വീട്ടുകാരെ കാണാതായതോടെ സമീപവാസി അന്വേഷിച്ചു ചെന്നു. അപ്പോഴാണ് വീട്ടില്‍ അവരില്ലെന്ന് മനസിലായത്. തുടര്‍ന്ന് ഭിത്തിയിലും തറയിലുമായി രക്തക്കറ കണ്ടതോടെ ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് കാളിയാര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘമെത്തി വാതില്‍ തുറന്ന് പരിശോധന നടത്തുകയാണ്. വീടിനുള്ളില്‍ ഇവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. രക്തം തളം കെട്ടിയ നിലയിലും മറ്റിടങ്ങളില്‍ രക്തക്കറയും കണ്ടെത്തിയതായാണ് പൊലീസ് നല്‍കുന്ന വിവരം.