തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പനിബാധിച്ച് നാലുപേര്‍കൂടി മരിച്ചു. തൃശൂരില്‍ മൂന്നുപേരും പാലക്കാട് ഒരു കുഞ്ഞുമാണ് പനി ബാധിച്ച് മരിച്ചത്. പാലക്കാട് ആലത്തൂര്‍ ചൂണ്ടക്കാട് കോതകുളം വീട്ടില്‍ സഫര്‍ അലി നജ്‌ല ദമ്പതികളുടെ ഒരു വയസ് പ്രായമുള്ള കുഞ്ഞ് മുഹമ്മദ് സഫ്‌വാനാണ് പനി ബാധിച്ച് മരിച്ചത്. ഹൃദ്രോഗമുള്‍പ്പെടെയുള്ള അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്ന മുഹമ്മദ് സഫ്‌വാനെ പനി ബാധിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പാണ് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രോഗം മൂര്‍ച്ചതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തൃശൂരില്‍ മൂന്ന് പേര്‍ ഇന്ന് പനി ബാധിച്ച് മരിച്ചു. കുരിയച്ചിറ തെങ്ങും തോട്ടത്തില്‍ ബിനിത (35) ഒല്ലൂര്‍ ചക്കാലമറ്റം വത്സ(45) ചേലക്കര സ്വദേശി പങ്ങാരപ്പിള്ളി കല്ലിടമ്പില്‍ സുജാത (40) എന്നിവരാണ് മരിച്ചത്.

പകർച്ചപ്പനി പ്രതിരോധപ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് തിരുവനന്തപുരത്ത് സർവകക്ഷിയോഗം ചേരുന്നുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വൈകീട്ട് മൂന്ന് മണിക്കാണ് യോഗം. പനി പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് പണം പ്രശ്നമാകില്ലെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ യോഗത്തിൽ മുഖ്യമന്ത്രി തേടും.