ജമ്മു കശ്‍മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ അഞ്ച് സുരക്ഷ സൈനികര്‍ക്ക് വീരമൃത്യു. തിരിച്ചടിയില്‍ ഒരു ഭീകരനും മരിച്ചു. അതീവ സുരക്ഷ മേഖലയായ പൊലീസ് ലൈനിലെ സൈനിക ക്യാമ്പില്‍ കടന്നുകയറിയാണ് ഭീകരര്‍ ആക്രമണം നടത്തിയത്.

പുലര്‍ച്ചെ നാലരയ്‌ക്കാണ് പുല്‍വാമയിലെ ജില്ല പൊലീസ് ആസ്ഥാനവും സൈനിക ക്യാവ്പും സ്ഥിതി ചെയ്യുന്ന പൊലീസ് ലൈനില്‍ അതിക്രമിച്ച് കയറിയ ഭീകരര്‍ ആക്രമണം നടത്തിയത്. പൊലീസ് -സിആര്‍പിഎഫ് ക്യാമ്പിനുനേര്‍ക്കായിരുന്നു ആക്രമണം. ഭീകരര്‍ വെടിവയ്‌ക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തു. രണ്ട് സിആര്‍പിഎഫ് ജവാന്‍മാരും മൂന്ന് പൊലീസുകാരും മരിച്ചു. തിരിച്ചടിയില്‍ ഒരു ഭീകരനെ വധിച്ചു. സൈന്യം തിരിച്ച് വെടിവച്ചതോടെ ഭീകരര്‍ പിന്‍വാങ്ങി. കെട്ടിടങ്ങളില്‍ ഒളിച്ചിരിക്കുന്ന രണ്ട് ഭീകരര്‍ക്കായി തെരച്ചില്‍ ശക്തമാക്കി. സൈന്യം മേഖല വളഞ്ഞു. നാട്ടുകാരെയും സുരക്ഷ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളേയും ഒഴിപ്പിച്ചു. തന്ത്രപ്രധാന മേഖലയില്‍ ഭീകരര്‍ അതിക്രമിച്ചുകയറിയതിലെ സുരക്ഷ വീഴ്ച്ചയും സൈന്യം പരിശോധിക്കുന്നുണ്ട്.