ആഭ്യന്തര കലാപം രൂക്ഷമായ സിറിയയുടെ പലഭാഗങ്ങളിലുകഴിഞ്ഞ രണ്ട് ദിവസമായി അതിശക്തമായ പോരാട്ടമാണ് നടക്കുന്നത്. അലെപ്പോയിലെ വിമത സ്വാധീന മേഖലയില്‍ 40 ബാരല്‍ ബോംബുകളാണ് റഷ്യന്‍ പിന്തുണയുള്ള സര്‍ക്കാര്‍ സേന ഇന്നലെ പ്രയോഗിച്ചത്. അല്‍ ഖത്രിജിയില്‍ മാത്രം 53 പേരാണ് മരിച്ചത്. വിമതരുടെ പ്രത്യാക്രമണത്തില്‍ 8 സൈനികരും മരിച്ചു. രാജ്യത്തെ സ്ഥിതിഗതികള്‍ ഏറെമോശമായ അസസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഇംഗ്ലണ്ട് ആസ്ഥാനമായ സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ സംഘം അഭിപ്രയപ്പെടുന്നു. 

അലെപ്പോയില്‍ ഈ മാസം ഇതുവരെ 75 പേരാണ് കൊല്ലപ്പെട്ടത്. ഇതിനിടെ നിര്‍ണ്ണായക പോരാട്ടത്തില്‍ ഐഎസ് സ്വാധിന മേഖലയായ റാഖയിലേക്ക് സര്‍ക്കാര്‍ സൈന്യത്തിന് മുന്നേറാനായി . 2014 ആഗസ്റ്റിന് ശേഷം ആദ്യമായാണ് സൈന്യത്തിന് ഈ പ്രദേശത്ത് കടക്കുന്നത്. പോരാട്ടത്തില്‍ 26 ഐഎസ് ഭീകരരും ഒന്‍പത് സൈനികരും മരിച്ചു. വരും ദിവസങ്ങളില്‍ പോരാട്ടം കൂടുതല്‍ കടുപ്പിക്കാനാണ് സര്‍ക്കാര്‍ സേനയുടെ തീരുമാനം. ഇതോടെ വിശുദ്ധമാസത്തിലും സിറിയയിലെ ജീവിതം രക്ത പങ്കിലമായി തുടരുമെന്ന് ഉറപ്പായി.