വിധികർത്താവിനെ ചൊല്ലിയുള്ള പ്രതിഷേധത്തെ തുടർന്ന് ഇന്നലെ മാറ്റിവച്ച ഹയർ സെക്കണ്ടറി കൂടിയാട്ടം ഇന്ന് രാവിലെ ടൗൺ ഹാളിൽ നടക്കും

ആലപ്പുഴ: അൻപത്തി ഒൻപതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് ആലപ്പുഴയിൽ തിരശീല വീഴും. പോയിന്റ് നിലയിൽ കോഴിക്കോടും പാലക്കാടും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 175 ഇനങ്ങൾ പൂർത്തിയായപ്പോൾ 675 പോയിന്റുമായി കോഴിക്കോടും 673 പോയിന്റമായി പാലക്കാടും മുന്നേറുകയാണ്.

മിമിക്രി, സംഘനൃത്തം, മോണോ ആക്ട്, നാടോടി നൃത്തം ഉൾപ്പെടെ 52 മത്സര ഇനങ്ങൾ ഇന്ന് വേദിയിലെത്തും. വിധികർത്താവിനെ ചൊല്ലിയുള്ള പ്രതിഷേധത്തെ തുടർന്ന് ഇന്നലെ മാറ്റിവച്ച ഹയർ സെക്കണ്ടറി കൂടിയാട്ടം ഇന്ന് രാവിലെ ടൗൺ ഹാളിൽ നടക്കും.

ആലപ്പുഴ ടീമിന്‍റെ പരിശീലകനെ വിധികര്‍ത്താവാക്കിയതോടെയാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ കൂടിയാട്ടവേദിയില്‍ സംഘര്‍ഷം ഉണ്ടായത്. വിധികര്‍ത്താവിനെ മാറ്റിയില്ലെങ്കില്‍ തങ്ങള്‍ മത്സരം ബഹിഷ്‌കരിക്കുമെന്ന് പതിനഞ്ച് ടീമുകള്‍ അറിയിച്ചു.

മത്സരം റദ്ദാക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് മത്സരാർഥികൾ മേക്കപ്പോടെ തന്നെ വേദിയിൽ കുത്തിയിരുന്ന് സമരവും നടത്തി. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ തുടങ്ങിയ പ്രതിഷേധം വെെകുന്നേരം അഞ്ചര വരെ നീണ്ടു. പിന്നീട് പൊലീസെത്തിയാണ് വിദ്യാര്‍ഥികളെ മാറ്റിയത്.