ആലപ്പുഴ: അൻപത്തിയൊൻപതാം സംസ്ഥാന സ്കൂൾ കലോത്സവത്തിലും വിജയം വിട്ടുകൊടുക്കാതെ അമ്പലപ്പുഴ സംഘം. തുടർച്ചയായി 12 വർഷമാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ പഞ്ചവാദ്യം ഹൈസ്ക്കൂൾ വിഭാഗം മത്സരത്തിൽ അമ്പലപ്പുഴ ഗവൺമെന്റ് മോഡൽ എച്ച് എസ് എസിലെ വിദ്യാർത്ഥികൾ വിജയികളാകുന്നത്.

അന്തരിച്ച കലാരത്നം പരമേശ്വര കുറുപ്പിന്റെ മകനും സോപാന സംഗീത വിദ്വാനുമായ അമ്പലപ്പുഴ വിജയകുമാറിന്റെ ജേഷ്ഠനുമായ അമ്പലപ്പുഴ ജയകുമാറിന്റെ ശിക്ഷണത്തിലാണ് സംഘം വിജയകിരീടം നേടിയത്. ജയകുമാറിന്റെ നേത്യത്വത്തിൽ ഇത് രണ്ടാം തവണയാണ് സംഘം വിജയം കരസ്ഥമാക്കുന്നത്. ജയകുമാർ സൗജന്യമായാണ് ഇവരെ പഞ്ചവാദ്യം അഭ്യസിപ്പിച്ചത്. അധിൻ കൃഷ്ണൻ ,അമിത്ത് കിഷൻ, അർജുൻ കൃഷ്ണൻ, ശ്രീരാജ്, ശ്രീഹരി, പ്രണവ് നാരായണൻ, നിഖിൽ ബിജു എന്നിവരാണ് പഞ്ചവാദ്യസംഘത്തിലുണ്ടായിരുന്നത്.