ഇംഫാല്‍: മണിപ്പൂരിലെ ചന്ദേല്‍ ജില്ലയില്‍ വിഘടന വാദികളുടെ ആക്രമണത്തില്‍ ഒരു ഓഫീസര്‍ ഉള്‍പ്പെടെ ആറ് സൈനികര്‍ കൊല്ലപ്പെട്ടു. മണ്ണിടിച്ചിലുണ്ടായ ഒരു പ്രദേശം സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയാണ് വിഘടനവാദികളുടെ ആക്രമണമുണ്ടായത്. ഉച്ചക്ക് പന്ത്രണ്ടരക്ക് അസം റൈഫിള്‍സിന്റെ ബറ്റാലിയിന്‍ ആസ്ഥാനത്തിന് 15 കിലോമീറ്റര്‍ അടുത്ത് വച്ചായിരുന്നു ആക്രമണം. സൈനികരുടെ പക്കലുണ്ടായിരുന്ന നാല് ഏ കെ 47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും വിഘടനവാദി സംഘം തട്ടിയെടുത്തു. ആക്രമണം നടത്തി രക്ഷപ്പെട്ട വിഘടനവാദികള്‍ക്കായി സൈന്യം മേഖലയില്‍ തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ചന്ദേലില്‍ വിഘടനവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഇരുപത്തിയൊന്ന് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. വിഘടനവാദി ആക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്‌ സിങ് ദുഃഖം രേഖപ്പെടുത്തി. ആക്രമണം നടത്തിയവരെ കണ്ടെത്താന്‍ സൈന്യം തെരച്ചില്‍ നടത്തിന്നുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും അദ്ദേഹം അറിയിച്ചു.