ടി പി ചന്ദ്രശേഖരന്‍ വധത്തിന് 6 വയസ് കുഞ്ഞനന്തന്‍റെ മോചനത്തിനെതിരെ കെ കെ രമ സര്‍ക്കാരിനെതിരെ ഹൈക്കോടതിയെ സമീപിക്കും കേസ് സിബിഐ അന്വേഷിക്കണം ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സുപ്രീംകോടതിയിലേക്ക് 

വടകര:ടി പി കേസിലെ പ്രതി കുഞ്ഞനന്തനെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ആര്‍എംപി ഹൈക്കോടതിയിലേക്ക്. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കെ കെ രമ വ്യക്തമാക്കി. ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് ഇന്ന് ആറ് വര്‍ഷം പൂര്‍ത്തിയാവുകയാണ്.

ടി പി ചന്ദ്രശേഖരന്‍ കേസില്‍ പ്രതികളായവരെ സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ ശ്രമം പരസ്യമായിരിക്കുകയാണ്. ഇതിലൂടെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം പരോക്ഷമായെങ്കിലും സിപിഎം ഏറ്റെടുക്കുകയാണ്. അധികാരം ഉപയോഗിച്ച് കേസിലെ പ്രതി പാനൂര്‍ ഏരിയാകമ്മിറ്റിയംഗം പി കെ കുഞ്ഞനനന്തന്‍റെ ശിക്ഷയില്‍ ഇളവ് നല്‍കി വിട്ടയക്കാനുള്ള നീക്കമാണ് ഏറ്റവുമൊടുവില്‍ വിവാദമായിരിക്കുന്നത്. സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം 193 ദിവസം പരോള്‍ നല്‍കിയ നടപടി തന്നെ ദുരൂഹമായിരുന്നെന്നാണ് ഉയരുന്ന ആരോപണം. സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ഗവര്‍ണ്ണര്‍ക്ക് നല്‍കിയ പരാതിയില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് ആര്‍എംപിയുടെ നീക്കം.

കേസ് സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജിയിലും സര്‍ക്കാര്‍ നിലപാട് അനുകൂലമല്ലെന്ന് കെ കെ രമ പറഞ്ഞു. കൊലപാതകം നടന്ന് ആറ് വര്‍ഷം പിന്നിടുമ്പോഴും ടി പി കേസിനെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സിപിഎമ്മിന് കഴി‍ഞ്ഞിട്ടില്ല. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍റെ റിപ്പോര്‍ട്ട്, ഗൂഢാലോചനയിലേക്കുള്ള കൃത്യമായ അന്വേഷണം ഇവയൊക്കെ ഇപ്പോഴും ചോദ്യങ്ങളായി അവശേഷിക്കുകയാണ്.