Asianet News MalayalamAsianet News Malayalam

പുൽവാമ ഭീകരാക്രമണത്തിന് ഉപയോഗിച്ചത് 60 കിലോ ആർഡിഎക്സ്; ഒരു ജവാന്‍റെ മൃതദേഹം 80 മീറ്റർ ദൂരത്തേക്ക് തെറിച്ചു

ശക്തിയേറിയ അറുപത് കിലോ ആർഡിഎക്സാണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. വാഹനവ്യൂഹത്തിലേക്ക് ചാവേർ കാർ ഇടിച്ചു കയറ്റുകയായിരുന്നില്ല, പകരം വാഹനം തൊട്ടടുത്ത് നി‍ർത്തി..

60 kg RDX Used In Pulwama Terror Attack A Body Was Flung 80 Metres Away
Author
Srinagar, First Published Feb 16, 2019, 12:20 PM IST

ശ്രീനഗർ: പുൽവാമയിൽ ചാവേറാക്രമണത്തിൽ 40 സൈനികർ കൊല്ലപ്പെട്ട സ്ഥലത്ത് എൻഎസ്‍ജിയും എൻഐഎയും പരിശോധന നടത്തി. ജയ്ഷെ മുഹമ്മദ് ഭീകരൻ ആദിൽ അഹമ്മദ് ധർ ആക്രമണം നടത്താനുപയോഗിച്ചത് 60 കിലോ ആർഡിഎക്സാണെന്നാണ് എൻഎസ്‍ജിയുടെ പ്രാഥമിക നിഗമനം.

അതീവസ്ഫോടനശേഷിയുള്ള ആർഡിഎക്സിനൊപ്പം ക്വാറികളിൽ സ്ഫോടനത്തിന് ഉപയോഗിക്കുന്ന സൂപ്പർ ജെൽ 90-ഉം ഉപയോഗിച്ചു. ഇത് രണ്ടും കൂട്ടിക്കലർത്തിയാണ് സ്ഫോടകവസ്തുക്കൾ നിർ‍മിച്ചതെന്നാണ് കണ്ടെത്തൽ. 

350 കിലോയോളം വരുന്ന സ്ഫോടകവസ്തുക്കൾ നിറച്ച സ്കോർപിയോ എസ്‍യുവി സിആർപിഎഫ് വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റിയെന്നാണ് ആദ്യം അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. എന്നാൽ സെഡാൻ കാറിലാണ് ചാവേറായ ആദിൽ അഹമ്മദ് ധർ എത്തിയതെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റിയായിരുന്നില്ല ആക്രമണം. പകരം സംശയം തോന്നാത്ത രീതിയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് സമാന്തരമായി സഞ്ചരിക്കുകയായിരുന്നു ധറിന്‍റെ കാർ. തുടർന്നാണ് സ്ഫോടനം നടത്തിയത്. ഏതാണ്ട് 78 ബസ്സുകളെ ഓവർടേക്ക് ചെയ്ത് എത്തിയാണ് ചാവേർ സ്ഫോടനം നടത്തിയത്. 

150 മീറ്റർ ചുറ്റളവിൽ സ്ഫോടനത്തിന്‍റെ ആഘാതമുണ്ടായി. ഒരു സൈനികന്‍റെ മൃതദേഹം ഏതാണ്ട് 80 മീറ്റർ ദൂരത്തേക്ക് വരെ തെറിച്ചു പോയി. പരമാവധി ശക്തിയിൽ പൊട്ടിത്തെറിക്കാൻ സ്ഫോടകവസ്തുക്കൾ പ്രത്യേക രീതിയിൽ 'കൂർപ്പിച്ച്' സജ്ജീകരിച്ചിരുന്നു. ചാവേറിന്‍റെ കാറിനടുത്തുണ്ടായിരുന്ന ബസ് നാമാവശേഷമായി. നൂറ് മീറ്റർ ചുറ്റളവിൽ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ ചിന്നിച്ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. 

പുൽവാമയിൽ നിന്ന് 22 കിലോമീറ്റർ മാത്രം അകലെയാണ് ആദിൽ അഹമ്മദ് ധർ എന്ന ജയ്ഷെ മുഹമ്മദ് ഭീകരൻ കഴിഞ്ഞിരുന്നത്. ധറിന് ആരാണ് ഇത്ര മാരകശേഷിയുള്ള സ്ഫോടകവസ്തുക്കൾ എത്തിച്ചതെന്ന് വ്യക്തമല്ല. സിആർപിഎഫ് കടന്നു പോകുന്നതിന് മുമ്പ് പരിശോധന നടത്തിയിരുന്നെന്ന് പറയുമ്പോഴും ആ പരിശോധനയെ മറി കടന്ന് എങ്ങനെ ഇത്രയധികം ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കളുമായി ഭീകരൻ അവിടെ കാത്തു നിന്നു എന്നതും ചോദ്യ ചിഹ്നമാണ്. 

Follow Us:
Download App:
  • android
  • ios