ദില്ലി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയ അറുപതുകാരന്‍ അറസ്റ്റില്‍. കുട്ടികളെ പീഡനത്തിന് ഇരയാക്കിയ ശേഷം ഇക്കാര്യം പുറത്ത് പറയാതിരിക്കാന്‍ അഞ്ചു രൂപ വീതം നല്‍കി വീട്ടിലേക്ക് പറഞ്ഞുവിട്ടു. എന്നാല്‍ വേദനമൂലം ഇളയ കുട്ടി കരഞ്ഞതോടെ മാതാപിതാക്കള്‍ തിരക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. രക്ഷിതാക്കളുടെ പരാതിയില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. 

ഞായറാഴ്ച ദക്ഷിണ ഡല്‍ഹിയിലാണ് സംഭവം നടന്നത്. വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ചോക്ക്‌ലേറ്റ് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് തൊഴിലാളിയായ മുഹമ്മദ് ജെയ്‌നുള്‍ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. അവിടെ വച്ച് കുട്ടികളെ രണ്ടു പേരെയും ഇയാള്‍ മാറിമാറി പീഡിപ്പിച്ചു. സംഭവം ആരോടും പറയരുതെന്ന് പറഞ്ഞ് അഞ്ച് രൂപയും കൊടുത്ത് വീട്ടിലേക്ക് അയച്ചു.

തൊഴിലാളികളാണ് കുട്ടികള്‍ രണ്ടുപേരുടെയും മാതാപിതാക്കള്‍. ഇവര്‍ ജോലിക്കു പോയ സമയത്താണ് ജെയ്‌നുള്‍ കുട്ടികളെ കൂട്ടിക്കൊണ്ടുപോയത്. ജെയ്‌നുളിന്റെ ചെയ്തിയില്‍ ഭയന്നുപോയിരുന്ന കുട്ടികള്‍ ആദ്യം ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ രാത്രിയായതോടെ വേദന സഹിക്കാന്‍ കഴിയാതെ ഇളയ കുട്ടി കരയുകയായിരുന്നു. 

ഒരാള്‍ തന്‍റെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന് കുട്ടി പറഞ്ഞതോടെ അമ്മ ദേഹപരിശോധന നടത്തിപ്പോഴാണ് സ്വകാര്യ ഭാഗത്ത് മുറിവുകള്‍ കണ്ടെത്തിയത്. ഇതോടെ രണ്ടു കുടുംബങ്ങളും ചേര്‍ന്ന് പോലീസില്‍ പരാതി നല്‍കി. തങ്ങളെ പീഡിപ്പിച്ചയാളെ കുട്ടികള്‍ തിരിച്ചറിയുകയും ചെയ്തു. പോലീസ് അറസ്റ്റു ചെയ്ത ജെയ്‌നുളിലെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.