ചങ്ങനാശ്ശേരി: ഇരുതലമൂരിയെ വില്‍ക്കാന്‍ ശ്രമിച്ച ഏഴുപേര്‍ പോലീസ് പിടിയിലായി. തൃശ്ശൂര്‍ സ്വദേശി അശോക് കുമാര്‍, ഭാര്യ സുലഭ, എറണാകുളം സ്വദേശികളായ സുധീഷ്, നവാസ് കാസര്‍കോഡ് സ്വദേശികളായ വിനുകുമാര്‍, മുഹമ്മദ് യാസിന്‍, ചങ്ങനാശ്ശേരി സ്വദേശി രാധാകൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്. 

കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡാണ് ചങ്ങനാശ്ശേരിക്ക് സമീപമുള്ള പൊട്ടശ്ശേരിയില്‍നിന്ന് ഏഴ് പേരെയും പിടികൂടിയത്. അശോക് കുമാറും ഭാര്യയുമാണ് സംഘത്തിലെ പ്രധാനികള്‍. രാധാകൃഷ്ണനില്‍നിന്നും വാങ്ങിയ 20 ലക്ഷം രൂപ ഉപയോഗിച്ച് ഹൈദരാബാദില്‍നിന്നാണ് ഇന്ത്യന്‍ സാന്‍ബോ എന്ന ഇരുതലമൂരിയെ അശോക്കുമാര്‍ സ്വന്തമാക്കിയത്. ഒന്നരക്കോടി രൂപക്ക് മറ്റൊരു സംഘത്തിന് കൈമാറാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.

ഇരുതലമൂരിയെ വാങ്ങാനെത്തിയവരെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. വിദേശത്തേക്ക് കടത്തിയാല്‍ കൂടുതല്‍ തുകയാണ് ഇരുതലമൂരിക്ക് ലഭിക്കുക. ഇതിനെ വളര്‍ത്തുന്നവര്‍ക്ക് ഐശ്വര്യം ഉണ്ടാകുമെന്ന വിശ്വാസമാണ് ഇരുതലമൂരിയുടെ മൂല്യം കൂട്ടുന്നത്.