പ്രതികളെ പിടികൂടുന്നത് വരെ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് ബന്ധുക്കളുടെ തീരുമാനം.

കൊൽക്കത്ത: ഏഴ് വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ വ്യാപക പ്രതിഷേധം. പശ്ചിമ ബംഗാളിലെ ബര്‍ദ്ധമാന്‍ ജില്ലയിലാണ് 
കഴിഞ്ഞ ദിവസം അരുംകൊല നടന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുക്കളും അയൽവാസികളും ദേശീയ പാതയിൽ വ്യാപക പ്രതിഷേധപ്രകടനങ്ങൾ അഴിച്ച് വിടുകയും പൊലീസ് വാഹനത്തിന് നേരെ കല്ലെറിയുകയും ചെയ്തതായി വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു.

അതേ സമയം സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ തങ്ങൾ ശ്രമിക്കുകയാണെന്ന് അസൻസോളിലെ അഡീഷണൽ കമ്മീഷണറായ ലക്ഷ്മി നാരായൺ മീണ പറഞ്ഞു. എന്നാൽ പ്രതികളെ പിടികൂടുന്നത് വരെ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് ബന്ധുക്കളുടെ തീരുമാനം. കഴിഞ്ഞ ദിവസമാണ് കുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സാധനം വാങ്ങാൻ പുറത്ത് പോയ കുട്ടിയെ കാണാനില്ലാത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണം തുടങ്ങി. തെരച്ചിലിനൊടുവിൽ പരിസരപ്രദേശത്ത് നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

പോസ്റ്റ്മോർട്ടത്തിൽ കുട്ടി ക്രൂരമായി ബലാത്സംഗത്തിന് ഇരയായതായി കണ്ടെത്തി. ഇതേ തുടർന്നാണ് പ്രതിഷേധപ്രകടനങ്ങളുമായി ബന്ധുക്കൾ തെരുവിലിറങ്ങിയത്. അതേ സമയം സംഭവുമായി ബന്ധപ്പെട്ട് സംശയം തോന്നിയ ചിലരെ അറസ്റ്റ് ചെയ്തതായും തുടരന്വേഷണം ഉർജിതപ്പെടുത്തിയതായും ലക്ഷ്മി നാരായൺ മീണ എ എൻ ഐയോട് പറഞ്ഞു.