മൈസൂരില്‍ ചാമരാജ് നഗറിൽ വായ്പ കൊടുത്ത പണം തിരിച്ചു ചോദിച്ച വയോധികനെ മൂന്നുപേർ ചേർന്ന് ശ്വാസം മുട്ടിച്ച് കൊന്നു

ബെംഗളൂരു: മൈസൂരില്‍ ചാമരാജ് നഗറിൽ വായ്പ കൊടുത്ത പണം തിരിച്ചു ചോദിച്ച വയോധികനെ മൂന്നുപേർ ചേർന്ന് ശ്വാസം മുട്ടിച്ച് കൊന്നു. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷാ ഡ്രൈവർമാരായ മൂന്നുപേരാണ് പിടിയിലായത്. കൊലപാതകത്തിന് ശേഷം പ്രതികൾ കവർന്ന സ്വർണം പൊലീസ് കണ്ടെത്തി. ഇന്നലെയാണ് ഗുണ്ടൽപേട്ടിന് സമീപം കാമരള്ളിയിൽ എഴുപത്തിരണ്ടുകാരനെ വഴിയോരത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്വാമി എന്നയാളാണ് മരിച്ചത് എന്ന് തിരിച്ചറിഞ്ഞു. തുടർന്ന് ചിലരെ ചോദ്യം ചെയ്തതോടെയാണ് സ്വാമി കൊല്ലപ്പെട്ടതാണെന്നും പ്രദേശത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാരായ മൂന്നുപേർ ചേർന്നാണ് ഈ കൊല നടത്തിയത് എന്നും സ്ഥിരീകരിച്ചത്.

പ്രതികളായ പരാശിവമൂർത്തി, സിദ്ധരാജു, മഹേഷ് എന്നിവർ പിടിയിലായിട്ടുണ്ട്. ഇതിൽ പരാശിവ മൂർത്തി കൊല്ലപ്പെട്ട സ്വാമിയിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. ഇതിൽ ബാക്കിയുള്ള കുറച്ചു പണം ആവശ്യപ്പെട്ട് സ്വാമി സമ്മ‍‍‍ർദം ശക്തമാക്കിയതോടെയാണ് പ്രതികൾ ഇയാളെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയത്. ബാക്കിയുള്ള പണം നൽകാം എന്ന് വാഗ്ദാനം ചെയ്താണ് പ്രതികൾ സ്വാമിയെ സ്ഥലത്തെത്തിച്ചത്. തുടർന്ന് ആളൊഴിഞ്ഞ ഇടത്തേക്ക് കൂട്ടിക്കൊണ്ടുപോയി കഴുത്തിൽ തുണി മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സ്വാമിയുടെ പക്കൽ ഉണ്ടായിരുന്ന 105 ഗ്രാമോളം സ്വർണം പ്രതികൾ തട്ടിയെടുത്ത് വീതം വച്ചു. ഈ സ്വർണം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.