സംസ്ഥാനത്ത് അടച്ചുപൂട്ടിയ ത്രീസ്റ്റാര്‍ മുതലുള്ള 77 ബാറുകള്‍ രണ്ടര വര്‍ഷത്തിന് ശേഷം ഇന്ന് തുറക്കും. ഇതുവരെ 3,409 കള്ളുഷാപ്പുകള്‍ക്കും പുതുതായി അനുമതി നല്‍കി.

പുതിയ മദ്യനയം നിലവില്‍ വന്നതോടെ, നേരത്തെ പൂട്ടുവീണ ത്രീസ്റ്റാര്‍ മുതലുള്ള ബാറുകള്‍ ഇന്നുമുതല്‍ മുതല്‍ തുറന്നുപ്രവര്‍ത്തിക്കും. രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് പ്രവര്‍ത്തനസമയം. ടൂറിസം മേഖലകളില്‍ ബാറുകള്‍ രാവിലെ 10ന് തുറക്കും. ഇതുവരെ ആകെ സര്‍ക്കാറിന് കിട്ടിയത് 81 അപേക്ഷകളാണ്. ഇതില്‍ തുറക്കാന്‍ അനുമതി നല്‍കിയത് 77 എണ്ണത്തിന്. നിലവിലെ കണക്ക് പ്രകാരം 20 ബാറുകളുള്ള എറണാകുളത്താണ് ഏറ്റവുമധികം ബാറുകള്‍ തുറക്കുക. കുറവ് വയനാട്ടിലും. രണ്ട് ബാറുകളാണ് വയനാട്ടിലുള്ളത്. ഇനിയും അപേക്ഷകള്‍ വരും മുറയ്‌ക്ക് പരിശോധിച്ച് അനുമതി നല്‍കാനാണ് എക്‌സൈസ് വകുപ്പിന്റെ തീരുമാനം.

സംസ്ഥാനത്ത് ഇതുവരെ 3409 കളളുഷാപ്പുകള്‍ക്കും അനുമതിയായി. പാലക്കാട്ടാണ് കൂടുതല്‍ ഷാപ്പുകള്‍ തുറക്കുന്നത്. 709 എണ്ണം. സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്ന 753 ബാറുകളില്‍ നിലവാരമില്ലാത്ത 418 ബാറുകള്‍ക്ക് 2014 ഏപ്രില്‍ 13നാണ് യു.ഡി.എഫ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. അതേവര്‍ഷം ഓഗസ്റ്റ് 21ന് ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള എല്ലാ ബാറുകളും പൂട്ടാന്‍ തീരുമാനമെടുത്തു.