കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ എണ്‍പതില്‍ ഏറെ പേര്‍ മരിച്ചു. ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. കാബൂളില്‍ ഒരു പ്രതിഷേധ റാലിക്കിടയിലേക്കാണ് ചാവേറാക്രമണം നടന്നത്. നഗരത്തിലെ ഡേമാസാംഘ് സര്‍ക്കിളിലാണ് ആക്രമണം നടന്നത്. ചാവേര്‍ സംഘത്തില്‍ മൂന്നു പേര്‍ ഉണ്ടായിരുന്നതായാണ് സൂചന. പുതിയ വൈദ്യുതി ലൈന്‍ സ്ഥാപിക്കുന്നതിനെതിരെയാണ് അഫ്ഗാനില്‍ ന്യൂനപക്ഷമായ ഷിയാ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്. ഈ റാലിക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് അഫ്ഗാന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ചാവേറാക്രമണത്തില്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് ഞായറാഴ്‌ച അഫ്‌ഗാനിസ്ഥാനില്‍ ദേശീയ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ചാവേറാക്രമണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറ്റോര്‍ണി ജനറലിന്റെ നേതൃത്വത്തിലുള്ള കമ്മീഷനാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നത്. പരിക്കേറ്റവര്‍ക്ക് വിദഗ്ദ്ധ ചികില്‍സ ലഭ്യമാക്കാനും സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
