വിമതരുടെ ശക്തി കേന്ദ്രങ്ങളില്‍ അസദ് അനുകൂല സഖ്യസേന തുടര്‍ച്ചയായി ബോബ് വര്‍ഷിച്ചു. ഇദ്‍ലിബിലെ ആള്‍ത്തിരക്കുള്ള ചന്ത ലക്ഷ്യം വച്ച് വ്യോമസേന തൊടുത്ത ബോബെടുത്തത് 37 പേരുടെ ജീവന്‍. അലപ്പോയില്‍ നടന്ന ആക്രമണത്തില്‍ 45 പേര്‍ മരിച്ചു. നൂറുകണക്കിനാളുകള്‍ക്ക് സാരമായി പരിക്കേറ്റു. മരണസംഖ്യ കൂടാനാണ് സാധ്യത. അതേസമയം ആക്രമണം അതിരൂക്ഷമായി തുടരുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം ലണ്ടനില്‍ ചേര്‍ന്ന ഉന്നതതല മധ്യസ്ഥ സമിതി സിറിയന്‍ ആഭ്യന്തരയുദ്ധത്തിന് പരിഹാരനിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. ഇതിനോട് അനുകൂലമായി പ്രതികരിച്ച അമേരിക്കയും റഷ്യയും മുന്‍കയ്യെടുത്ത് നാളെ മുതല്‍ 10 ദിവസത്തേക്ക് വെടിനിര്‍ത്തലാകാം എന്ന നിര്‍ദ്ദേശവും മുന്നോട്ടുവച്ചിരുന്നു. യൂറോപ്യന്‍ യൂണിയനും സിറിയന്‍ അതിര്‍ത്തിയില്‍ ഐഎസിനും കുര്‍ദുകള്‍ക്കുമെതിരെ പടനീക്കം നടത്തുന്ന തുര്‍ക്കിയും ഇതിനോട് അനുകൂലമായാണ് പ്രതികരിച്ചത്. സമാധാനശ്രമങ്ങള്‍ ഗുണപരമായി പുരോഗമിക്കുന്നതിനിടയിലാണ് ആഭ്യന്തരയുദ്ധം കൂടുതല്‍ വഷളായത്.