റാലിക്കിടെ പന്തല്‍ തകര്‍ന്നു, പരിക്കേറ്റവര്‍ക്ക് വേണ്ടത് മോദിയുടെ ഓട്ടോഗ്രാഫ്

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഒരു റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്നതിനിടെ താത്കാലിക പന്തലിന്‍റെ ഒരു ഭാഗം തകര്‍ന്ന് വീണ് 90 പേര്‍ക്ക് പരിക്കേറ്റു. ബംഗാളിലെ പശ്ചിമ മേദിനിപ്പൂരില്‍ കിസാന്‍ കല്യാണിലെ റാലിയിലായിരുന്നു അപകടം. തിങ്കളാഴ്ച പെയ്ത കനത്ത മഴയില്‍ നനഞ്ഞ കുതിര്‍ന്ന മണ്ണില്‍ താല്‍ക്കാലികമായി സ്ഥാപിച്ച തൂണില്‍ പ്രവര്‍ത്തകര്‍ കയറി നില്‍ക്കുകയും തിക്കും തിരക്കും കൂട്ടുകയും ചെയ്തതോടെയാണ് പന്തല്‍ തകര്‍ന്നത്. ഉരുക്കു തൂണുകളില്‍ താര്‍പ്പായ വിരിച്ചായിരുന്നു പന്തല്‍ നിര്‍മിച്ചിരുന്നത്. 

പന്തല്‍ തകര്‍ന്ന് ഏറെ നേരം ആശങ്കയ്ക്കിടയാക്കിയെങ്കിലും പ്രധാനമന്ത്രി സമയോജിതമായി ഇടപെട്ടതും അപകടത്തിന്‍റെ കാഠിന്യം കുറച്ചു. അപകടം നടന്നയുടന്‍ മോദി പ്രസംഗം നിര്‍ത്തുകയും, ആരും പേടിക്കേണ്ട, തൂണിനു മുകളില്‍ കയറിയവര്‍ ദയവായി താഴെ ഇറങ്ങണം. എല്ലാവരും ശാന്തരായി ഇരിക്കണം ആരും ഓടരുതെന്നും മൈക്കില്‍ വിളിച്ച് പറയുകയും, പരിക്കേറ്റവര്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ തന്‍റെ സുരക്ഷാ ഭടന്‍മാര്‍ക്കും മെഡിക്കല്‍ സംഘത്തിലുള്ളവര്‍ക്കും മോദി നിര്‍ദേശം നല്‍കി.

പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിലെ ആംബുലന്‍സും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനായി ഉപയോഗിച്ചു. പരിക്കേറ്റ് ചികിത്സയിലുള്ളവരെ പ്രധാനമന്ത്രി പിന്നീട് സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിനിടെ പരിക്കേറ്റവരില്‍ ചിലര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മോദി ഓട്ടോഗ്രാഫ് നല്‍കിയതായി ബിജെപി നേതാക്കള്‍ പറഞ്ഞു. അതേസമയം മോദി പങ്കെടുത്ത പരിപാടിയില്‍ പന്തല്‍ തകര്‍ന്നു വീണത് വന്‍ സുരക്ഷാ വീഴ്ചയാണ് എന്നാണ് വിമര്‍ശകരുടെ ആരോപണം. വര്‍ഷത്തില്‍ പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് മാത്രമായി 350 കോടിയാണ് ചെവഴിക്കുന്നത്.