വഡോദരയില്‍ ഒമ്പതാം ക്ലാസുകാരന്‍ സ്കൂളിലെ ശൗചാലയത്തില്‍ മരിച്ച നിലയില്‍

ഗാന്ധിനഗര്‍: ഗുജറാത്തിലെ വഡോദരയിൽ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ സ്‌കൂളിലെ ശൗചാലയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വഡോദരയിലെ ശ്രീഭാരതി സ്കൂളിലാണ് സംഭവം.പതിനാലുകാരന്റെ മൃതദേഹം വയറ്റില്‍ കുത്തേറ്റ നിലയിലാണ് കണ്ടെത്തിയത്. കൊല്ലാനുപയോഗിച്ചതെന്ന് കരുതുന്ന കത്തിയും പൊലീസ് സ്കൂളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയും മരിച്ച വിദ്യാര്‍ഥിയും തമ്മില്‍ വഴക്കുണ്ടായിരുന്നു. 

കൊലപാതകത്തിന് ഇതുമായി ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. നിലവിൽ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഒളിവിലാണ്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത തേടി സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വഡോദരയിൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.