ജയ്പൂര്‍ : ബാങ്ക് കൊള്ള ഒറ്റയ്ക്ക് തടഞ്ഞ ജയ്പൂര്‍ സ്വദേശി, 27 വയസ്സുകാരനായ സീതാറാം എന്ന പൊലീസ് കോണ്‍സ്റ്റബിള്‍ ഇപ്പോള്‍ ഹീറോയാണ്.
രാജസ്ഥാനിലെ ജയ്പൂരിലുള്ള ഒരു സ്വകാര്യ ബാങ്കില്‍ തിങ്കളാഴ്ച രാത്രിയാണ് 13 ഓളം വരുന്ന അക്രമി സംഘം കവര്‍ച്ചയ്ക്കായി എത്തിയത്. ചൊവാഴ്ച പുലര്‍ച്ചെ 2.30 ഓടെയായിരുന്നു, ആയുധങ്ങള്‍ സഹിതം ഇവര്‍ ബാങ്കിന്റെ വാതില്‍ക്കല്‍ എത്തിയത്.

പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റിയെ നിമിഷ നേരങ്ങള്‍ കൊണ്ട് കീഴടക്കി അകത്ത് കടക്കാന് ശ്രമിക്കവെയാണ് ഗുണ്ടകള്‍ക്ക് സീതാറാമില്‍ നിന്നും തിരിച്ചടി നേരിടാന്‍ തുടങ്ങിയത്. ബാങ്കിനുള്ളില്‍ തനിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന സീതാറാം ഇവര്‍ക്ക് നേരെ തുരുതുരാ വെടിവെക്കാന്‍ തുടങ്ങി.

ഗുണ്ടകളുടെ ഭാഗത്ത് നിന്നും ശക്തമായ രീതിയില്‍ പ്രത്യാക്രമണവും ഉണ്ടായിരുന്നു. ഇതിനിടയിലും സീതാറാം പ്രദേശത്തെ പൊലീസ് സ്റ്റേഷനില്‍ ഫോണ്‍ വഴി വിവരമറിയിച്ചു. പൊലീസ് സംഘം എത്തുന്ന ശബ്ദം കേട്ട് ഗുണ്ടകള്‍ ഓടി മറഞ്ഞു. 925 കോടി രൂപയാണ് ആ സമയം ബാങ്ക് ലോക്കറില്‍ ഉണ്ടായിരുന്നത്. ഈ വിവരം അറിഞ്ഞാണ് ഗുണ്ടകള്‍ കവര്‍ച്ച നടത്തുവാനായി ഈ ബാങ്ക് തിരഞ്ഞെടുത്തത്.

ഈ ശ്രമത്തില്‍ ഗുണ്ടകള്‍ വിജയിച്ചിരുന്നുവെങ്കില്‍ രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് കവര്‍ച്ചയ്ക്ക് ജയ്പൂര്‍ നഗരം സാക്ഷ്യം വഹിച്ചേനെ. സിസിടിവി ക്യാമറകളുടെ സഹായത്തോടെ പ്രതികളെ കണ്ടെത്താനുള്ള ഊര്‍ജ്ജിതമായ ശ്രമങ്ങളിലാണ് പൊലീസ് സംഘം.