രണ്ട് ദിവസങ്ങള്‍ക്ക് മുമ്പുവരെ പെയ്റ്റണ്‍ വെസ്റ്റ് എന്നൊരു ബാലന്‍ ഈ ലോകത്തുണ്ടായിരുന്നു. പാതി നിലച്ച ഹൃദയവുമായി പതിമൂന്ന് വര്‍ഷം ആ ബാലന്‍ നിറങ്ങളും വര്‍ണ്ണങ്ങളും ചാലിച്ച ജീവിതം കൈ എത്തിപ്പിടിക്കാന്‍ ശ്രമിച്ച് കൊണ്ടേയിരുന്നു. ഒടുവില്‍ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്ന ആഹ്ളാദത്തിലായിരുന്ന കുടുംബം.

പുത്തന്‍ വസ്ത്രങ്ങളുമായി തന്‍റെ പതിമൂന്നാം വയസ്സില്‍ സ്കൂള്‍ ജീവിതത്തിലേക്ക് യാത്ര തിരിച്ച പെയ്സറ്റണ് യാത്ര മുഴുമിപ്പിക്കാനായില്ല. ഇതുവരെ കാണാത്ത തന്‍റെ സുഹൃത്തുക്കളെയും , ഇതുവരെ വായിക്കാത്ത പുസ്തകങ്ങളെയും ഉപേക്ഷിച്ച് പെയ്സറ്റണ് തന്‍റെ പോരാട്ടം ആശുപത്രി ചുമരിനുള്ളില്‍ അവസാനിപ്പിക്കേണ്ടി വന്നു. പതിമൂന്ന് വര്‍ഷത്തെ ആശുപത്രി ജീവിതത്തിന് ശേഷം കൂട്ടുകാരൊത്തുള്ള ഒരു സ്കൂള്‍ ജീവിതത്തിന് പോലും അനുവദിക്കാതെ ആ കുഞ്ഞ് ഹൃദയം നിലച്ചു.

സ്കൂളിലേക്കുള്ള കാര്‍ യാത്രയ്ക്കിടയില്‍ തനിക്ക് സുഖം തോന്നുന്നില്ലായെന്ന് മൂത്ത സഹോദരനെ അറിയിച്ചതിനെ തുടര്‍ന്ന് പെയ്റ്റണെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പതിമൂന്ന് വര്‍ഷത്തോളമായി ഹൃദയസം ബന്ധമായ അസുഖങ്ങളില്‍ ചികിത്സ തേടിയിരുന്ന പെയ്റ്റണ്‍ ഇതിനെയും അതിജീവിക്കുമെന്ന് മാതാപിതാക്കള്‍ വിശ്വസിച്ചു. എന്നാല്‍ ഹൃദയമിടിപ്പ് നിലച്ച പെയ്റ്റണ്‍റെ പോരാട്ടം ആശുപത്രി കിടക്കയില്‍ അവസാനിച്ചു.

പെയ്റ്റണ്‍ ജനിച്ചപ്പോള്‍ തന്നെ ഹൃദയത്തിന് ചില കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു. ഹൃദയത്തിന്‍റെ വലതുവശം മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. തനിക്ക് അഞ്ച് വയസ്സാകുമ്പോളേക്കും പെയ്റ്റണ്‍ കടന്ന് പോയത് മൂന്ന് ശസ്ത്രക്രിയകളിലൂടെയാണ്. മൂന്നാമത്തെ ശസ്ത്രക്രിയ പെയ്റ്റണെ മോശമായി ബാധിച്ചു. തലച്ചോറിനെ ശസ്ത്രക്രിയ ബാധിച്ചത് മൂലം നടക്കാനും ഇരിക്കാനും ഭക്ഷണം കഴിക്കാനും പെയ്റ്റണ് ആദ്യമേ പഠിക്കേണ്ടി വന്നു. എന്നാല്‍ ഇതിനെ എല്ലാം അതിജീവിച്ച് പെയ്റ്റണ്‍ മുന്നോട്ട് തന്നെ പോയി.

ഹൃദയത്തിന്‍റെ പ്രവര്‍ത്തനക്ഷമമായ ഭാഗവും നശിച്ച് വരുന്നെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഹൃദയം മാറ്റിവെക്കലിനെ കുറിച്ച് കുടുംബം ആലോചിച്ച് തുടങ്ങുന്നത്. അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് ഒരു ദാതാവിനെ ലഭ്യമായതിനെ തുടര്‍ന്ന് പെയ്റ്റണ്‍ന്റെ ഹൃദയം മാറ്റിവെക്കുകയും ചെയ്തു. പെയ്റ്റണ് ഏറ്റവും പ്രിയപ്പെട്ട നിറങ്ങളായിരുന്നു ചുവപ്പും , ഗ്രേയും. ചുവപ്പ് ഫ്രെമിയുള്ള കണ്ണടയും ഗ്രേ നിറത്തിലുള്ള ടീ ഷര്‍ട്ടും അണിഞ്ഞുള്ള പെയ്റ്റണ്‍ന്‍റെ ആദ്യ സ്കുള്‍ ദിവസത്തെ ചിത്രം വേദനിപ്പക്കുന്ന ഒന്നായി മാറി.