പൊലീസ് അസോസിയേഷനിലെ രാഷ്ട്രീയത്തിനെതിരെ എ.കെ.ബാലൻ സർക്കാർ ശമ്പളം പറ്റുന്നവർ രാഷ്ട്രീയ പ്രവർത്തനം നടത്തേണ്ട ജോലിയുടെ ഭാഗമായ പ്രശ്നങ്ങൾ ഉന്നയിക്കാമെന്നും മന്ത്രി

തിരുവനന്തപുരം: പൊലീസ് അസോസിയേഷനിലെ രാഷ്ട്രീയത്തിനെതിരെ നിയമ മന്ത്രി എ.കെ.ബാലൻ. സർക്കാർ ശമ്പളം പറ്റുന്നവർ രാഷ്ട്രീയ പ്രവർത്തനം നടത്തേണ്ട. എന്നാൽ ജോലിയുടെ ഭാഗമായ പ്രശ്നങ്ങൾ ഉന്നയിക്കുന്നതിൽ തെറ്റില്ലെന്ന് മന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി. പൊലീസിനെ രാഷ്ട്രീയ വിമുക്തമാക്കാന്‍ ഉള്‍പ്പെടെ ലക്ഷ്യമിട്ട് പൊലീസ് ആക്ടിനായി ഉണ്ടാക്കിയ ചട്ടം അട്ടിമറിച്ചെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. 

ആക്ട് ഉണ്ടാക്കി ഏഴ് കൊല്ലമായിട്ടും നിയമമായില്ല. അട്ടിമറിയ്ക്ക് പിന്നില്‍ പൊലീസ് സംഘടകളാണെന്നാണ് ആരോപണം ഉയരുന്നത്. പൊലീസ് അസോസിയേഷനുകള്‍ രൂപീകരിക്കാൻ 2011 ലെ കേരള പൊലീസ് അക്ട് അനുവദിക്കുന്നുണ്ട്. എന്നാൽ അക്ട് നടപ്പക്കാൻ തയ്യാറാക്കിയ കരട് ചട്ടം പാസ്സാക്കാൻ പോലും മാറിമാറി വന്ന സർക്കാരുകൾ തയ്യാറായില്ല. അസ്സോസിയേഷനുകളെ നിയന്ത്രിക്കാൻ ചട്ടം 20 ലുള്ള നിർദ്ദേശങ്ങളാണ് ഇതിനു കാരണം. പൊലീസിലെ രാഷ്ട്രീയത്തിന് കടിഞ്ഞാണിടാനുള്ള 9 നിര്‍ദ്ദേശങ്ങൾ ഇതിലുണ്ട്. യാതൊരു വിധ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പ്രത്യക്ഷമായോ പരോക്ഷമായോ പങ്കെടുക്കാനോ ബന്ധപ്പെടാനോ പാടില്ലെന്നുള്ളതാണ് ഇതിൽ പ്രധാനപ്പെട്ടത്. 

അസോസിയഷൻ സമ്മേളനം ഒറ്റദിവസത്തില്‍ കൂടുതല്‍ പാടില്ല. ഭാരവാഹികളുടെ കാലാവധി രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ അരുത്. ഡിപിജിയുടെ മുൻകൂർ അനുമതിയില്ലാതെ പത്ര, ദൃശ്യ, സാമൂഹ്യ മാധ്യമങ്ങളിൽ വിവരങ്ങൾ പ്രസിദ്ധപ്പെടുത്താൻ പാടില്ല. സേനാംഗങ്ങളിൽ നിന്നോ സ്വകാര്യ വ്യക്തികളിൽ നിന്നോ പണപ്പിരിവ് നടത്താൻ പാടില്ല തുടങ്ങിയവയും ചട്ടത്തിലുണ്ട്. 

പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ രക്തസാക്ഷി സ്തൂപം സ്ഥാപിച്ചതും മുദ്രാവാക്യം വിളിച്ചതും ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. അസോസിയേഷനില്‍ രാഷ്ട്രീയാതിപ്രസരം കടന്നു കൂടിയെന്നും ആരോപണം ഉയരുകയും ഡിജിപി ഇക്കാര്യത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് രാഷ്ട്രീയ അതിപ്രസരം നിയന്ത്രിക്കാനുള്ള ആക്ട് നിയമമാകാതെ ഫയലില്‍ ഉറങ്ങുന്നത്.