മുന്‍ ഗതാഗത കമ്മിഷണര്‍ ആര്‍ ശ്രീലേഖയ്‍‌ക്കു ക്ലീന്‍ചിറ്റ് നല്‍കിയ ചീഫ്സെക്രട്ടറിയുടെ നടപടിയില്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന് അതൃപ്‍തി. ചീഫ്സെക്രട്ടറിയുടെ തീരുമാനം അന്തിമമല്ലെന്നും, മുഖ്യമന്ത്രിയാണ് തീരുമാനം എടുക്കേണ്ടതെന്നും ശശീന്ദ്രന്‍ കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇക്കഴിഞ്ഞ ജൂലൈയിലാണ് ആര്‍ ശ്രീലേഖയ്‍ക്കെതിരായ ആക്ഷേപങ്ങളെ സംബന്ധിച്ച ഫയല്‍ ഗതാഗതസെക്രട്ടറി മന്ത്രി എ കെ ശശീന്ദ്രന് കൈമാറിയത്. സ്ഥലംമാറ്റം, റോഡ് സുരക്ഷാഫണ്ടിന്‍റെ വിനിയോഗം, ഓഫീസ് പ്രവര്‍ത്തനങ്ങളിലെ ക്രമക്കേടുകള്‍ എന്നിവയായിരുന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ഇതില്‍ വിശദമായ അന്വേഷണം നടത്താന്‍ ഫയല്‍ ഗതാഗതമന്ത്രി ചീഫ്സെക്രട്ടറിക്ക് കൈമാറിയത്. എന്നാല്‍ ശ്രീലേഖയുടെ വിശദീകരണത്തില്‍ തൃപ്തിയടഞ്ഞ ചീഫ്സെക്രട്ടറി അന്വേഷണം വേണ്ടെന്ന നിലപാടില്‍ എത്തുകയായിരുന്നു. ചീഫ്സെക്രട്ടറിയുടെ നിലപാടില്‍ അതൃപ്തി രേഖപ്പെടുപത്തിയ മന്ത്രി പരാതിയുടെ പശ്ചാത്തലം പരിശോധിക്കണമായിരുന്നുവെന്നും വ്യക്തമാക്കി.

അതേസമയം ശ്രീലേഖക്കെതിരായ പരാതിയില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 45 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദ്ദേശം.