പലതിനെയും പലതരത്തിലും ആരാധിക്കുന്നത് നാം കണ്ടിട്ടുണ്ട് എന്നാല്‍ കര്‍ണാടകയിലെ ബെക്കലെല ഗ്രാമത്തില്‍ പൂച്ചകളെയാണ് ദൈവമായി ആരാധിക്കുന്നത്. മൈസൂരിവില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെ മാണ്ഡ്യ ജില്ലയിലെ മദ്ദൂര്‍ താലൂക്കിലെ ഗ്രാമത്തിലാണ് പൂച്ചകളെ ദൈവമായി ആരാധിക്കുന്നത്. മാണ്ഡ്യ- തുമകുരു അതിര്‍ത്തിയിലാണ് ഈ ഗ്രാമം.

 മഹാലക്ഷ്മിയുടെ പ്രതിരൂപമായാണ് പൂച്ചകളെ ആരാധിക്കുന്നത്. ലക്ഷ്മീ ദേവി പൂച്ചയുടെ രൂപത്തില്‍ ഗ്രാമത്തിലേക്ക് വന്നുവെന്നും ആപത്തില്‍ നിന്ന് രക്ഷിച്ചുവെന്നുമാണ് ഗ്രാമവാസികളുടെ വിശ്വാസം. ഇതിന്‍റെ നന്ദിസൂചകമായാണ് പൂച്ചകളെ ആരാധിക്കുന്നത്. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ആരാധന തുടങ്ങിയെന്ന് ക്ഷേത്രത്തില്‍ പൂജ ചെയ്യുന്ന കുടുംബത്തില്‍പ്പെട്ട ബസവാരാധ്യ പറഞ്ഞു.

 അടുത്തടുത്തായി നിര്‍മിച്ചിരിക്കുന്ന മുന്നുക്ഷേത്രങ്ങള്‍ കൂട്ടിച്ചേര്‍ന്നാണ് പൂച്ചകളെ ആരാധിക്കുന്ന മാമാങ്ക ക്ഷേത്രമുള്ളത്. ഗ്രാമത്തിലെ മൂന്ന് കുടുംബങ്ങളാണ് ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചത്. പൂച്ചയുടെ വിഗ്രഹമാണ് പ്രതിഷ്ഠ. 60 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ക്ഷേത്രം പുതുക്കി പണിഞ്ഞത്.

ചൊവ്വാഴ്ചയാണ് പ്രത്യേക പൂജ. ഗ്രാമത്തിലെ മിക്ക ആളുകളും പൂച്ച ആരാധനയില്‍ പങ്കാളികളാണ്. ഇവരുടെ വീടുകളിലും പൂച്ചകളെ വളര്‍ത്തുന്നുണ്ട്. ഇവിടെയുള്ളവര്‍ പൂച്ചകളെ ഉപദ്രവിക്കാറില്ല, ഉപദ്രവിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാറുണ്ടെന്നും ഗ്രാമവാസിയായ ജഗദീഷ് പറഞ്ഞു. അങ്ങനെയുള്ളവരെ ഗ്രാമത്തില്‍ നിന്ന് പുറത്താക്കാരാണ് പതിവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല പൂച്ചയുടെ ജഡം എവിടെയെങ്കിലും കണ്ടെത്തിയാല്‍ അത് സംസ്‌കരിക്കാതെ പോകരുതെന്നും നിബന്ധനയുണ്ട്. 

 കന്നഡയില്‍ പൂച്ചയ്ക്ക് ബെക്കു എന്നാണ്. ഇതില്‍ നിന്നാണ് ബെക്കലലെ എന്ന പേരുണ്ടായതെന്നുമാണ് ഗ്രാമവാസികള്‍ വിശ്വസിക്കുന്നത്. പ്രത്യേക പൂജയും നാലു ദിവസം നീണ്ടു നില്‍ക്കുന്ന മാമാങ്ക ഉത്സവും ഇവിടെ നടത്താറുണ്ടെന്നും ഗ്രാമവാസികള്‍ പറയുന്നു. 10 വര്‍ഷം മുന്‍പാണ് ഇവിടെ ഉത്സവം നടന്നത്. അടുത്ത മാര്‍ച്ചില്‍ ഉത്സവം നടത്താനുള്ള ഒരുക്കത്തിലാണിവര്‍.