ദില്ലി: ആധാര്‍ കേസിലെ വാദംകേൾക്കൽ നവംബര്‍ ആദ്യവാരം മുതൽ ആരംഭിക്കുമെന്ന് സുപ്രീംകോടതി. അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ആധാര്‍ കേസ് പരിഗണിക്കുന്നത്. സ്വകാര്യത മൗലിക അവകാശമാണോ എന്നതിൽ ഒമ്പതംഗ ബെഞ്ചിന്റെ തീരുമാനം വരുന്നതുവരെ ആധാര്‍ കേസിലെ നടപടികൾ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. സ്വകാര്യത കേസിൽ വിധി വന്ന സാഹചര്യത്തിലാണ് ആധാര്‍ കേസിൽ വാദംകേൾക്കൽ തുടങ്ങാൻ കോടതി തീരുമാനിച്ചത്. സ്വകാര്യത കേസിലെ വിധി ആധാറിനെ എതിര്‍ക്കുന്ന ഹര്‍ജിക്കാരുടെ വാദങ്ങൾക്ക് സഹായകമാകും. ആധാര്‍ കേസിൽ തീരുമാനം വരാത്ത സാഹചര്യത്തിൽ സാമൂഹ്യ ക്ഷേമ പദ്ധതികൾക്ക് ആധാര്‍ വിവരങ്ങൾ നൽകേണ്ട സമയപരിധി ഡിസംബര്‍ 31വരെ കോടതി നീട്ടി നൽകി.