ദില്ലി:ആധാർ വിവരങ്ങൾ പുതുക്കുന്നതിനും ഇനിമുതല്‍ ജിഎസ്ടി അടക്കണം. പതിനെട്ട് ശതമാനം ജിഎസ്ടിയാണ് ചുമത്തിയിരിക്കുന്നത്. ഇതോടെ ഫീസ് 25 രൂപയിൽ നിന്ന് 30 രൂപയാകും. അടുത്തയാഴ്ച മുതൽ ഇത് പ്രാബല്യത്തിൽവരും.

ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് ആധാര്‍ പുതുക്കുന്നതിനുള്ള ഫീസിന്‍മേല്‍ 18 ശതമാനം ജിഎസ്ടി ചുമത്തിയതായി ആധാര്‍ അതോറിറ്റി അറിയിച്ചത്. നിലവില്‍ 25 രൂപയാണ് പുതുക്കുന്നതിനുള്ള ഫീസ്. 18 ശതമാനം നികുതി ചുമത്തുമ്പോള്‍ ഇത് നാലര രൂപ കണ്ടാണ് വര്‍ധിക്കുന്നതെങ്കിലും അഞ്ച് രൂപയായി നിജപ്പെടുത്തുകയായിരുന്നു.

വിലാസം, ജനനത്തിയതി, മൊബൈല്‍ ഫോണ്‍ നമ്പര്‍, ഈ മെയില്‍ വിലാസം, ബയോമെട്രിക് വിവരങ്ങള്‍ എന്നിവ പുതുക്കുന്നതിന് പുതിയ ഫീസ് ഈടാക്കും. ആധാര്‍ സേവനങ്ങള്‍ നല്‍കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള സ്വകാര്യ ഏജന്‍സികള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ കൈമാറി.

അടുത്ത ആഴ്ച മുതല്‍ പുതുക്കിയ നിരക്ക് ഈടാക്കാനാണ് നിര്‍ദ്ദേശം. അതേ സമയം, 30 രൂപയില്‍ കൂടുതല്‍ ആരെങ്കിലും ഈടാക്കിയാല്‍ പരാതിപ്പെടാനായി ടോള്‍ ഫ്രീ നമ്പറും നല്‍കിയിട്ടുണ്ട്. 1947 എന്നതാണ് ടോള്‍ നമ്പര്‍‍. ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കാം. പരാതിനല്‍കുന്നതിന് ഈ മെയില്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.