ദില്ലി: ആധാര്‍ നിര്‍ബന്ധമാക്കിയതോടെ മൂന്ന് സംസ്ഥാനങ്ങളിലായി 272,000 കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നഷ്ടമായി. ആന്ധ്രാപ്രദേശില്‍ മാത്രം 215,000 കുട്ടികളാണ് ഇതിനകം അയോഗ്യരായത്. അരുണാചല്‍പ്രദേശില്‍ 42,414 കുട്ടികളും മണിപ്പൂരില്‍ 14,000 കുട്ടികളും ഉച്ചഭക്ഷണ പദ്ധതിക്ക് പുറത്തായി.

കഴിഞ്ഞ ഫെബ്രുവരിയിലാണ് മാനവ വിഭവശേഷി മന്ത്രാലയം സ്കൂളുകളില്‍ ഉച്ചഭക്ഷണത്തിന് ആധാര്‍ നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്. ആഗസ്റ്റ് 31 ആണ് ഉച്ചഭക്ഷണവുമായി ആധാര്‍ ബന്ധിപ്പിക്കേണ്ട അവസാന തിയതി.

ഉച്ചഭക്ഷണ വിതരണത്തിനായി 2017-18 അധ്യായന വര്‍ഷത്തേക്ക് 10,000 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. ഉച്ചഭക്ഷണ പദ്ധതിയുടെ ചിലവ് കുറയ്ക്കാനാണ് സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കിയത്. നടപടി പൂര്‍ത്തിയാകുന്നതോടെ ഉച്ചഭക്ഷണ പദ്ധതിക്ക് വ്യക്തത വരുമെന്ന് കരുതുന്നതായി സ്കൂള്‍ വിദ്യഭ്യാസ വിഭാഗം സെക്രട്ടറി അനില്‍ സ്വരൂപ് പറഞ്ഞു.

ഇതിലൂടെ കൂടുതല്‍ അനര്‍ഹരെ കണ്ടെത്താന്‍ കഴിയുമെന്നാണ് മന്ത്രാലയത്തിന്‍റെ പ്രതീക്ഷ. രാജ്യത്തെ 100 മില്യണ്‍ കുട്ടികളാണ് 1.5 മില്യണ്‍ സ്കൂളുകളിലായി പഠിക്കുന്നത്.