തിരുവനന്തപുരം: സബ്‍സിഡിയോടെ സര്‍ക്കാര്‍ നല്‍കുന്ന വളം വാങ്ങാന്‍ നാളെ മുതല്‍ കര്‍ഷകര്‍ തങ്ങളുടെ ആധാര്‍ നമ്പര്‍ നല്‍കണം. വളം വില്‍ക്കന്ന കടകളിലുള്ള പി.ഒ.എസ് മെഷീനുകളില്‍ ആധാര്‍ നമ്പര്‍ നല്‍കി വിരലയടയാളവും പതിപ്പിച്ചതിന് ശേഷമേ വളം വാങ്ങാന്‍ കഴിയൂ. ഇന്റര്‍നെറ്റ് സംവിധാനത്തോടെ കേന്ദ്ര രാസവളം മന്ത്രാലയത്തിന് അപ്പോള്‍ തന്നെ വിവരങ്ങള്‍ ലഭിക്കും. ഓരോ കര്‍ഷകരും വാങ്ങുന്ന വളത്തിന്റെ ഇനം, അളവ് തുടങ്ങിയവയും കൈപ്പറ്റുന്ന സബ്സിഡി പണവുമെല്ലാം അപ്പപ്പോള്‍ സര്‍ക്കാറിലേക്ക് ലഭ്യമാക്കുന്നതാണ് പുതിയ സംവിധാനം.

വളം വില്‍ക്കുന്ന സ്ഥാപനങ്ങളിലെല്ലാം ഇതിനുള്ള പി.ഒ.എസ് മെഷീനുകള്‍ എത്തിച്ചിട്ടുണ്ട്. 17,000 രൂപയോളമാണ് ഇതിന്റെ വില. ഇത് കമ്പനികള്‍ തന്നെയാണ് വഹിക്കുന്നത്. സാങ്കേതിക സംവിധാനങ്ങള്‍ സജ്ജീകരിക്കുന്നതിനാല്‍ മിക്കയിടങ്ങളിലും സബ്‍സിഡിയുള്ള വളത്തിന്റെ വിതരണം ഇപ്പോള്‍ നിലച്ചമട്ടാണ്. സര്‍ക്കാര്‍ സബ്‍സിഡി നല്‍കുന്ന പൊട്ടാഷ്, യൂറിയ, ഫാക്ടംഫോസ്, കോംപ്ലക്‌സ് വളങ്ങള്‍ എന്നിവ വാങ്ങുന്നതിനാണ് ആധാറും വിരല്‍ അടയാളവും വേണ്ടത്. സബ്സിഡി ആവശ്യമില്ലാത്ത മറ്റ് വളങ്ങള്‍ പഴയപോലെ തന്നെ ലഭിക്കും. കേരളത്തില്‍ ഏഴു ജില്ലകളില്‍ ഫാക്ട് ആണ് പദ്ധതി നടപ്പാക്കുന്നത്. മറ്റിടങ്ങളില്‍ ആര്‍.എ.സി.എഫ്, മദ്രാസ് ഫെര്‍ട്ടിലൈസേഴ്‌സ്, സ്‌പിക്, മാംഗ്ലൂര്‍ ഫെര്‍ട്ടിലൈസേഴ്‌സ്, ഇഫ്കോ തുടങ്ങിയ സ്ഥാപനങ്ങളും പദ്ധതിയുടെ ഏകോപനം നടത്തും.