ആധാര്‍ എല്ലാ മേഖലകളിലേക്കും നിര്‍ബന്ധമാക്കുന്നത് മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും ആധാറിനായി ശേഖരിക്കുന്ന വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനങ്ങളില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു

ദില്ലി: ആധാറിനെ കുറിച്ച് കോടതി മുറിയിൽ സാങ്കേതിക അവതരണത്തിന് യു.ഐ.ഡി.എക്ക് സുപ്രീംകോടതിയുടെ അനുമതി നൽകി. ആധാര്‍ വിവരങ്ങൾ സുരക്ഷിതമാണെന്ന് സ്ഥാപിക്കാൻ യു.ഐ.ഡി.എയെ അനുവദിക്കണമെന്ന അറ്റോര്‍ണി ജനറലിന്‍റെ അഭ്യര്‍ത്ഥന അംഗീകരിച്ചാണ് സുപ്രീംകോടതി തീരുമാനം. ഇന്ന് രണ്ടരമണിക്കാകും കോടതി മുറിയിൽ സാങ്കേതിക അവതരണം.

ആധാര്‍ എല്ലാ മേഖലകളിലേക്കും നിര്‍ബന്ധമാക്കുന്നത് മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും ആധാറിനായി ശേഖരിക്കുന്ന വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനങ്ങളില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു. ഇത് തെറ്റാണെന്നും ആധാര്‍ വിവരങ്ങൾ 10 അടി വീതിയുള്ള ചുവരുകൾക്കുള്ളിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും അറ്റോര്‍ണി ജനറൽ കെ.കെ.വേണുഗോപാൽ ഇന്നലെ വാദിച്ചിരുന്നു. ആധാര്‍ വിവരങ്ങൾ സുരക്ഷിതമാണെന്ന് കോടതി മുറിയിൽ നേരിട്ട് തെളിയിക്കാൻ യു.ഐ.ഡി.എക്ക് അനുമതി നൽകണമെന്നും അറ്റോര്‍ണി ജനറൽ ആവശ്യപ്പെട്ടിരുന്നു.

ഇതംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ തീരുമാനം. ഉച്ചക്ക് ശേഷം രണ്ടര മണിക്ക് യു.ഐ.ഡി.എക്ക് കോടതി മുറിയിൽ സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ ആധാര്‍ എന്തുകൊണ്ട് സുരക്ഷിതമാണ്, ആധാറിനായി ശേഖരിക്കുന്ന വിവരങ്ങൾ എവിടെ, എങ്ങനെ സ്വൂക്ഷിക്കും എന്നീകാര്യങ്ങൾ വിശദീകരിക്കാം. ഹര്‍ജിക്കാരുടെ ആക്ഷേപങ്ങൾ തെറ്റാണെന്ന് സ്ഥാപിക്കാൻ യു.ഐ.ഡി.എയുടെ സാങ്കേതിക വിവരണത്തിലൂടെ സാധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷ.

9000 കോടി രൂപയാണ് ആധാര്‍ കാര്‍ഡുകൾ തയ്യാറാക്കുന്നതിനായി യു.ഐ.ഡി.എ ഇതുവരെ വിനിയോഗിച്ചത്. ആധാര്‍ നിലവിൽ വന്നതോടെ സര്‍ക്കാരിന് സബ്സിഡി ആനുകൂല്യ വിതരണങ്ങളിൽ 58 ശതമാനത്തോളം അനാവശ്യ ചിലവ് കുറക്കാനായി എന്ന് അറ്റോര്‍ണി ജനറൽ കോടതിയെ അറിയിച്ചു.