തിരുവനന്തപുരം: സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളില്‍ ആധാര്‍ സേവനങ്ങള്‍ താറുമാറാകാന്‍ സാധ്യത. വിരലടയാളത്തിനൊപ്പം ഓപ്പറേറ്റര്‍മാരുടെ കണ്ണിന്റെ ചിത്രവും (ഐറിസ് ഇമേജ്) എല്ലാ ദിവസവും പരിശോധിക്കണമെന്ന നിബന്ധന കൂടി വന്നതോടെയാണ് പ്രതിസന്ധി ഉടലെടുക്കുന്നത്. സംസ്ഥാനത്ത് ഭുരിപക്ഷം അക്ഷയ കേന്ദ്രങ്ങളിലും ഇതിനുള്ള സൗകര്യമില്ല.

ചില സംസ്ഥാനങ്ങളില്‍ ആധാര്‍ ഓപ്പറേറ്റര്‍മാരുടെ വിരലയടാളവും മറ്റും കൃത്രിമമായി ഉണ്ടാക്കി ദുരുപയോഗം ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് സുരക്ഷ ശക്തമാക്കാന്‍ യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി തീരുമാനിച്ചത്. പുതിയ ആധാര്‍ കാര്‍ഡിനായി എന്‍റോള്‍ ചെയ്യുമ്പോഴും ആധാറില്‍ തിരുത്തലുകള്‍ വരുത്തുമ്പോഴും അത് ചെയ്യുന്ന ഓപ്പറേറ്റര്‍ അയാളുടെ വിരലടയാളവും കണ്ണിന്റെ ചിത്രവും കംപ്യൂട്ടറില്‍ നല്‍കണമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വ്യവസ്ഥ. എന്നാല്‍ സ്ഥിരമായി ഐറിസ് സ്കാനിങ്ങിനു വിധേയമാകുന്നതുമൂലം ഓപ്പറേറ്റര്‍മാര്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നുണ്ടെന്ന് ആരോപിച്ച് പ്രതിഷേധം ഉയര്‍ന്നതോടെ ഇത് പിന്‍വലിച്ച് വിരലടയാളം മാത്രമാക്കി. എന്നാല്‍ ഇതില്‍ കൃത്രിമം നടക്കുന്നുവെന്ന് കണ്ടെത്തിയതോടെ വീണ്ടും ഐറിസ് സ്കാനിങ് നിര്‍ബന്ധമാക്കിയിരിക്കുകയാണിപ്പോള്‍. രാവിലെ സൈറ്റില്‍ ലോഗിന്‍ ചെയ്യുമ്പോഴും ലോഗൗട്ട് ചെയ്യുമ്പോഴും ഐറിസ് സ്കാന്‍ ചെയ്യണമെന്നാണ് നിര്‍ദ്ദേശം.

നിലവില്‍ ആധാര്‍ എന്‍റോള്‍ ചെയ്യാന്‍ സൗകര്യമുള്ള കേന്ദ്രങ്ങളില്‍ മാത്രമാണ് ഐറിസ് സ്കാനര്‍ ഉള്ളത്. എല്ലാ അക്ഷയ കേന്ദ്രങ്ങളിലും നിലവില്‍ ആധാറില്‍ മാറ്റം വരുത്തലും കൂട്ടിച്ചേര്‍ക്കലുകളുമൊക്കെ സാധ്യമാകാറുണ്ട്. എന്നാല്‍ ഐറിസ് സ്കാനര്‍ ഇല്ലാത്ത കേന്ദ്രങ്ങളുടെ ഇത്തരം സേവനങ്ങള്‍ നിലയ്‌ക്കും. 10,000 രൂപയോളമാണ് ഐറിസ് സ്കാനറുകളുടെ വില. ഓപ്പറേറ്റര്‍മാര്‍ പ്രതിഷേധിച്ചാല്‍ പഴയ പോലെ വിട്ടുവീഴ്ചയ്‌ക്ക് യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി തയ്യാറാകുമോ എന്നും കണ്ടറിയണം.