രാജ്യസഭാ സീറ്റിനെ ചൊല്ലി ആം ആദ്മി പാർട്ടിയിൽ തർക്കം രൂക്ഷമാകുന്നു. മുതിർന്ന നേതാവ് കുമാർ വിശ്വാസിന് സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം പാർട്ടി പ്രവർത്തകർ എഎപി ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആം ആദ്മിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മുതിർന്ന നേതാവ് കുമാർ വിശ്വാസും തമ്മിലുള്ള തർക്കം രൂക്ഷമാകുകയാണ്. ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതാണ് എറ്റവും ഒടുവിലത്തെ തർക്കവിഷയം. മത്സരിക്കണമെന്ന് കുമാർ വിശ്വാസിന് ആഗ്രഹമുണ്ടെങ്കിലും കെജ്രിവാളിന് ഇതിനോട് താൽപര്യമില്ല . പാർട്ടിക്കു പുറത്തു നിന്നുള്ള പ്രമുഖ‌ർക്കായുള്ള തിരച്ചിലിലാണ് കേജ്രിവാൾ. മുൻ ആ‌ർബിഐ ഗവർണർ രഘുറാം രാജൻ, മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂർ എന്നിവർക്ക് സീറ്റ് വാഗ്ദാന ചെയ്തെങ്കിലും നിരസിക്കുകയാണുണ്ടായത്. കുമാർ വിശ്വാസിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഒരു സംഘം പാർട്ടി പ്രവർത്തകർ പ്രകടനം നടത്തുന്നതിലേക്ക് വരെ കാര്യങ്ങളെത്തി. എന്നാൽ തന്റെ പേരിൽ പാർട്ടിയിൽ കലാപമുണ്ടാക്കരുതെന്നും വ്യക്തിയെക്കാൾ പാർട്ടിക്കാണ് താൻ വില കൽപ്പിക്കുന്നതെന്നും കുമാർ വിശ്വാസ് ട്വീറ്റ് ചെയ്‍തു. കൊല്ലപ്പെട്ടെങ്കിലും അഭിമന്യു യോദ്ധാവ് തന്നെയെന്ന് പറ‍ഞ്ഞു കൊണ്ട് അവസാനിക്കുന്ന ട്വീറ്റ് പക്ഷേ വിശ്വാസിന്റെ അതൃപ്‍തി വ്യക്തമാക്കുന്നതായിരുന്നു. ജനുവരി അഞ്ചാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം. നിലവിൽ മൂന്ന് സീറ്റുകളിലും വിജയിക്കുവാൻ കഴിയുമെങ്കിലും രാജ്യസഭയിലേക്കുള്ള മത്സരം ആം ആദ്മിക്ക് തലവേദനയാകുകയാണ്.