ന്യൂഡല്‍ഹി: ഖുര്‍ആന്‍ പേജുകള്‍ കീറി പൊതു നിരത്തില്‍ ഉപേക്ഷിച്ച് കലാപമുണ്ടാക്കാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തു എന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ആം ആദ്‍മി എം എല്‍ എ നരേഷ് യാദവിനെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബില്‍ സംഘര്‍ഷാവസ്ഥക്ക് വഴി തുറന്ന ഖുര്‍ആന്‍ അവഹേളന സംഭവത്തില്‍ എം എൽ എയെ അറസ്റ്റുചെയ്യാൻ പോലീസ് സംഘത്തെ ഡൽഹിയിലേക്ക് അയച്ചതായി പട്യാല സോൺ ഐ ജി പരാംറാജി സിംഗ് അറിയിച്ചതിനു പിന്നാലെയാണ് അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബ് പൊലീസ് ഇതിനകം രണ്ടുതവണ നരേഷ് യാദവിനെ ചോദ്യം ചെയ്തിരുന്നു.

കഴിഞ്ഞ മാസം 25ന് പഞ്ചാബിലെ സാംഗ്രൂറില്‍ നടന്ന സംഭവത്തില്‍ അറസ്റ്റിലായ മുഖ്യപ്രതി വിജയ്കുമാര്‍ മെഹ്റോളിയാണ് എം.എല്‍.എക്കെതിരെ മൊഴി നല്‍കിയത്. തുടര്‍ന്ന് എം.എല്‍.എക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം സംഗ്രൂര്‍ പൊലീസ് കേസെടുത്തു. ഡല്‍ഹിയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ആപ്പിന് ജയിക്കാനായി വര്‍ഗീയ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള പരിപാടികള്‍ എം എല്‍ എ വിശദീകരിച്ചെന്നും അതിന്‍റെ ഭാഗമായി ഖുര്‍ആന്‍ കീറി താളുകള്‍ ഓടയിലെറിയാന്‍ തന്നോട് നിര്‍ദേശിക്കുകയായിരുന്നുവെന്നും ഇതിന് ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നുമാണ് പ്രതി വിജയ്‍കുമാറിന്‍റെ മൊഴി.

എന്നാല്‍ ആരോപണം നിഷേധിച്ച നരേഷ് യാദവ് സംഘപരിവാര്‍ ഗൂഢാലോചയാണിതെന്നും കേസിന്‍റെ വിശദാംശങ്ങള്‍ പോലും തനിക്കറിയില്ലെന്നും വ്യക്തമാക്കിയിരുന്നു. പഞ്ചാബില്‍ ഇനി ജയിക്കാനാവില്ലെന്ന് ഉറപ്പുള്ള ബി.ജെ.പി-അകാലിദള്‍ സഖ്യം രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്നുമായിരുന്നു ദില്ലി മെഹ്റോളി എംഎല്‍എ ആയ യാദവിന്‍റെ ആരോപണം. വിജയ് കുമാറിനു പുറമെ വി.എച്ച്.പി നേതാക്കളായ നന്ദ്കിശോര്‍, ഗൗരവ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. വിജയകുമാറിന്‍റെ ഓഡി കാറില്‍ നിന്ന് ഖുറാന്‍റെ കീറിയ താളുകള്‍ കണ്ടെടുത്തിരുന്നു.

അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബില്‍ ഭരണംപിടിക്കാനുള്ള ശ്രമം ആം ആദ്മി പാര്‍ട്ടി ശക്തമാക്കുന്നതിനിടെയാണ് പാര്‍ട്ടി എംഎല്‍എയുടെ അറസ്റ്റ്. പഞ്ചാബില്‍ പാര്‍ട്ടിയുടെ മുന്നേറ്റത്തില്‍ പരിഭ്രാന്തരായ ബിജെപി-അകാലി ദള്‍ സഖ്യത്തിന്റെ ഗൂഢാലോചനയാണ് കേസിന് പിന്നിലെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം.