ബംഗളൂരു: ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച അബ്ദുന്നാസര്‍ മദനി നാളെ കേരളത്തിലെത്തും. ഉച്ചയ്ക്ക് രണ്ടരയോടെയാണ് മദനി ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് തിരിക്കുക. സുരക്ഷാച്ചെലവിനത്തിലെ സങ്കീര്‍ണതകള്‍ അവസാനിച്ചതോടെയാണ് മദനിക്ക് കേരളത്തിലേക്ക് വരാന്‍ സാഹചര്യമൊരുങ്ങിയത്.

എന്‍ഐഎ കോടതിയില്‍ നിഷേധിക്കപ്പെട്ട ഇളവ് സുപ്രീംകോടതി വിധിയിലൂടെ നേടി. സുരക്ഷാച്ചെലവിനത്തില്‍ താങ്ങാനാവാത്ത തുക ആവശ്യപ്പെട്ട കര്‍ണാടക പൊലീസിനെ സുപ്രീംംകോടതിയില്‍ ചോദ്യംചെയ്ത് വിജയം. എതിര്‍പ്പുകളില്‍ കുടുങ്ങിയ മദനിയുടെ കേരളത്തിലേക്കുളള വരവ് ഞായറാഴ്ച തുടങ്ങുകയാണ്. മകന്‍ ഉമര്‍ മുഖ്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കാനും അസുഖബാധിതയായ അമ്മയെ കാണാനുമാണ് മദനി എത്തുന്നത്.

ബെംഗളൂരുവില്‍ നിന്ന് ഉച്ചകഴിഞ്ഞ് മൂന്നെ ഇരുപതിന് ഉളയമകന്‍ സലാവുദീനൊപ്പം മദനി നെടുമ്പാശ്ശേരിയിലെത്തും. അവിടെ നിന്ന് അന്‍വാര്‍ശ്ശേരിയിലേക്ക്. കര്‍ണാടക പൊലീസിലെ സിഐ റാങ്കിലുളള രണ്ട് ഉദ്യോഗസ്ഥരാണ് മദനിക്കൊപ്പം ഉണ്ടാവുക. സുരക്ഷയ്ക്കായി ആദ്യം ചോദിച്ച പതിനഞ്ച് ലക്ഷം കോടതി ഇടപെട്ടതിനെ തുടര്‍ന്ന് ഒരു ലക്ഷത്തി പതിനെട്ടായിരം ആയി കുറഞ്ഞിരുന്നു. ഈ തുക മദനി കെട്ടിവച്ചു.

ഓഗസ്റ്റ് ഒമ്പതിനാണ് മകന്റെ വിവാഹം. ഓഗസ്റ്റ് എട്ടിന് തലശ്ശേരിയിലേക്ക് പോകുന്ന മദനി ഒമ്പതിന് അന്‍വാര്‍ശ്ശേരിയിലേക്ക് മടങ്ങും. ഓഗസ്റ്റ് പതിനൊന്നിന് കൊല്ലത്ത് വിവാഹ സത്കാരത്തിലും പങ്കെടുക്കും. ഇളവ് അവസാനിക്കുന്ന ഓഗസ്റ്റ് പത്തൊമ്പതിന് ബെംഗളൂരുവിലേക്ക് തിരിക്കും. ഓഗസ്റ്റ് ഒന്നുമുതല്‍ പതിനാല് വരെ കേരളത്തില്‍ തങ്ങാനായിരുന്നു ആദ്യം സുപ്രീംകോടതിയുടെ അനുമതി.

എന്നാല്‍ സുരക്ഷാച്ചെലവ് പ്രശ്‌നമായപ്പോള്‍ യാത്ര വൈകി. പിന്നീടാണ് ഓഗസ്റ്റ് ആറുമുതല്‍ 19 വരെയായി കോടതി ഇളവ് പുതുക്കിയത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഇതിനുമുമ്പ് ജാമ്യവ്യവസ്ഥകളില്‍ ഇളവ് നേടി മദനി കേരളത്തിലെത്തിയത്.