അഭിമന്യു കൊലക്കേസ് പ്രതികളിലൊരാള്‍  കൈവെട്ടു കേസിലും ഉള്‍പ്പെട്ടയാളെന്ന് സൂചന

കൊച്ചി: അഭിമന്യു കൊലക്കേസിൽ പൊലീസ് തിരയുന്ന നെട്ടൂർ സ്വദേശികളിലൊരാൾ കൈവെട്ട് കേസിൽ ഉൾപ്പെട്ടിരുന്നതായി സൂചന. ഒളിവിൽ പോയ ആറ് പേരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്.

സമീപകാലത്ത് എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് സാന്നിധ്യമുണ്ടായിരുന്ന കേസുകളും സംഭവങ്ങളും വിശകലനം ചെയ്യുകയാണ് അന്വേഷണ സംഘം. പതിനഞ്ചംഗ സംഘമാണ് കൃത്യം നടത്തിയതെന്ന് കണ്ടെത്തിയിട്ടും ഇതിൽ നാല് പേരെ മാത്രമാണ് പൊലീസിന് അറസ്റ്റ് ചെയ്യാനായത്. 

എറണാകുളം നെട്ടൂരിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഒളിവിൽ പോയ ആറ് പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. നെട്ടൂർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂവാറ്റുപുഴയിലെ അധ്യാപകന്‍റെ കൈവെട്ടിയ കേസിലെ പ്രതിയായിരുന്നയാളും ഇവരിലുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഈ ആറ് പേരിൽ ആരെങ്കിലുമാണോ കൃത്യം നടത്തിയ കറുത്ത ഷർട്ടുകാരൻ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

കൈവെട്ട് കേസിൽ 31 പേരടങ്ങിയ പ്രതിപ്പട്ടികയിൽ 13 പേരെയാണ് കൊച്ചി എൻഐഎ കോടതി ശിക്ഷ വിധിച്ചിരുന്നത്. വിധി പറഞ്ഞ ദിവസം കോടതി പരിസരത്ത് എത്തിയവരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ച് വരികയാണ്. ഗൂഢാലോചന നടത്തുന്നത് ഇവരിലാരെങ്കിലും പ്രതികളെ സഹായിച്ചോ, പ്രതികൾക്കുള്ള താമസ സൗകര്യം ഇവർ ഒരുക്കിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. കുടക്, മൈസൂർ, മംഗലാപുരം എന്നിവടങ്ങളിലാണ് പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്.