മഞ്ചേരിയിലെ പള്ളിയില്‍ ഉസ്ദാതായിരുന്ന മുഹമ്മദിന്‍റെ ഉപ്പ ഇബ്രാഹിം മൗലവി പോപ്പുലര്‍ ഫ്രന്‍റ് സംസ്ഥാന സമിതി അംഗവും ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ച ആളാണ്.

മഹാരാജാസ് കോളേജ് എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കെന്ന കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി മുഹമ്മദ് എസ്ഡിപിഐയുടെ തീവ്രവാദ രാഷ്ട്രീയത്തിലെക്ക് ആകൃഷ്ടനായത് പിതാവിലൂടെയെന്ന് റിപ്പോര്‍ട്ട്. കൊലപാതകം ആസൂത്രണം ചെയ്തതും കൊലയാളി സംഘത്തിലെ മറ്റുള്ളവരെ കോളേജിന് മുന്നിലേക്ക് വിളിച്ചു വരുത്തിയതും മുഹമ്മദാണ് എന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. അഭിമന്യു വധത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലെ ഒന്നാം പ്രതിയാണ് ഇയാള്‍.

മഞ്ചേരിയിലെ പള്ളിയില്‍ ഉസ്ദാതായിരുന്ന മുഹമ്മദിന്‍റെ ഉപ്പ ഇബ്രാഹിം മൗലവി പോപ്പുലര്‍ ഫ്രന്‍റ് സംസ്ഥാന സമിതി അംഗവും ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ച ആളാണ്. ഇയാള്‍ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം മഞ്ചേരിയില്‍ സംഘനാ പ്രവര്‍ത്തനത്തിന് പോയിരുന്നതായും പൊലീസ് കണ്ടെത്തി. 

മുഹമ്മദിന്‍റെ കുടുംബം എന്‍ ഡി എഫിന്‍റെയും പോപ്പുലര്‍ ഫ്രന്‍റിന്‍റെയും തീവ്രനിലപാടുകളെ പിന്തുടരുന്നവരാണ്. ചെറുപ്പം മുതല്‍ ഇത്തരം തീവ്രനിലപാടുകരുടെ പരിശീലന കേന്ദ്രങ്ങിളിലും ക്ലാസുകളിലും പങ്കെടുത്തിട്ടുള്ള ആളാണ് മുഹമ്മദ് എന്ന് പൊലീസ് പറഞ്ഞു. ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രന്‍റിന്‍റെ ശക്തികേന്ദ്രമായ അരൂക്കുറ്റിയിലെ 11-ാം വാര്‍ഡ് പഞ്ചായത്ത് തെരഞ്ഞടുപ്പിലും ഇയാള്‍ സജീവമായിരുന്നു. 

പണം കണ്ടെത്താന്‍ പിതാവിന്‍റെ സഹോദരനൊപ്പം കാറ്ററിംഗ് ജോലിക്ക് പോയിരുന്ന മുഹമ്മദ് പോപ്പുലര്‍ ഫ്രന്‍റിന്‍റെ നടുവത്ത് നഗര്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയും മറ്റും തീവ്രനിലപാടുകള്‍ പ്രചരിപ്പിച്ചിരുന്നെന്നും പിന്നീട് ഇത് ഡീയാക്റ്റീവാക്കിയെന്നും പൊലീസ് പറഞ്ഞു. 

അഭിമന്യുവിന്‍റെ കൊലപാതകത്തിന് ശേഷം മുഹമ്മദും കാമ്പസ് ഫ്രന്‍റ് ജില്ലാ കമ്മറ്റിയംഗവുമായ ആദില്‍ ബിന്‍ സലീമുമും ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു. അവിടെ നിന്നാണ് ഇരുവരും ഗോവയ്ക്ക് കടന്നത്. എന്നാല്‍ കേരള-കര്‍ണാടക അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത് എന്നാണ് സൂചന. കൊലപാതകശേഷം കണ്ണൂരിലേക്ക് രക്ഷപ്പെട്ട ഇയാള്‍ ഇവിടെ നിന്നും കേരള-കര്‍ണാടക അതിര്‍ത്തിയിലുള്ള ഒരു ഒളിതാവളത്തിലേക്ക് മാറി. ഇവിടെ നിന്നും പിന്നീട് ഗോവയിലേക്ക് പോയി അവിടെ നിന്നും തിരിച്ച് പഴയ ഒളിതാവളത്തിലെത്തിയപ്പോള്‍ ആണ് ഇയാള്‍ പിടിയിലായത്. 

അഭിമന്യു വധക്കേസിൽ അറസ്റ്റിലായ മുഹമ്മദിനെയും ഷാനവാസിനേയും റിമാൻഡ് ചെയ്തു. ഇന്നലെ രാത്രി കൊച്ചിയിൽ മജിസ്ട്രേറ്റിന്‍റെ വീട്ടിലാണ് ഇരുവരെയും ഹാജരാക്കിയത്. പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് ഷാനവാസ് അറസ്റ്റിലായത്. കോളേജിലെ ചുവരെഴുത്തിനെ ചൊല്ലിയുളള തർക്കമാണ് കൊലപാകതത്തിന് കാരണമെന്നാണ് മുഹമ്മദിന്‍റെ പ്രാഥമിക മൊഴി. എന്തു വിലകൊടുത്തും കാംപസ് ഫ്രന്‍റിന്‍റെ പേരിൽ ചുവരെഴുതണം എന്നായിരുന്നു എസ്ഡിപിഐ നിർദേശമെന്നും മുഹമ്മദ് മൊഴി നൽകി.