ഗൂഡാലോചനയുണ്ടെന്ന് കുടുംബം അഭിമന്യുവിനെ വിളിച്ച് വരുത്തുകയായിരുന്നു കോളേജിലെത്തി അരമണിക്കൂറിനകം കൊല നടന്നു കുറ്റക്കാരെ ഉടൻ പിടികൂടി പരമാവധി ശിക്ഷ നൽകണം അഭിമന്യുവിന്‍റെ അവസാന ക്യാന്പസ് കൊലപാതകമാകണം
തൊടുപുഴ: അഭിമന്യുവിന്റെ കൊലപാതകത്തിൽ ഗൂഡാലോചനയുണ്ടെന്ന് കുടുംബം. കൊലപാതകം ആസൂത്രിതമാണ്. വട്ടവടയിൽ നിന്ന് കോളേജിലേക്ക് അഭിമന്യുവിനെ വിളിച്ച് വരുത്തുകയായിരുന്നു. മകന്റേത് അവസാന ക്യാന്പസ് കൊലപാതകമാകണമെന്നും കുറ്റക്കാരെ ഉടൻ പിടികൂടണമെന്നും അച്ഛൻ മനോഹരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഡിവൈഎഫ്ഐയുടെ മേഖല സമ്മേളനത്തിനായാണ് അഭിമന്യു നാട്ടിലെത്തിയത്. രാവിലെ കോളേജിലെത്തുന്ന വിധം വട്ടവടയിൽ നിന്ന് രാത്രി മടങ്ങാനായിരുന്നു പദ്ധതി. എന്നാൽ രാത്രി തന്നെ കോളേജിലെത്തുന്നതിനായി ആരൊക്കെയോ ഫോണിലൂടെ സമ്മർദ്ദം ചെലുത്തി. തുടർന്ന് വട്ടവടയിൽ നിന്ന് പച്ചക്കറി വണ്ടിയിൽ കയറിയാണ് അഭിമന്യു മഹരാജാസിലേക്ക് പോയത്. കോളേജിലെത്തി അരമണിക്കൂറിനകം കൊലപാതകം നടന്നത് ഗൂഡാലോചന വ്യക്തമാക്കുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
കൊലപാതകത്തിൽ പങ്കാളിയായ രണ്ട് കുട്ടികളെ കോളേജിൽ നിന്ന് പുറത്താക്കണം. കുറ്റക്കാരായ 15 പേരെയും ഉടൻ പിടികൂടി ജാമ്യം നൽകാതെ പരമാവധി ശിക്ഷ നൽകണം. അഭിമന്യുവിന്റെ വേർപാടിന്റെ വേദനയിലും ഇനിയൊരു ക്യാന്പസ് കൊലപാതകം ആവർത്തിക്കരുതെന്ന് മാത്രമാണ് ഈ കുടുംബത്തിന് പറയാനുള്ളത്.
