സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി കൊച്ചിയില്‍ നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാള്‍ നോയിഡയില്‍ അറസ്റ്റില്‍. ഇരുപതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച രാജസ്ഥാന്‍ സ്വദേശി ലക്കിശര്‍മ്മയാണ് അറസ്റ്റിലായത്. മോചനദ്രവ്യം ആവശ്യപ്പെട്ട് തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന പെണ്‍കുട്ടിയെ പൊലീസ് മോചിപ്പിച്ചു.
ഉത്തര്‍പ്രദേശുകാരിയായ പെണ്‍കുട്ടിയുടെ കുടുംബം 20 വര്‍ഷമായി കൊച്ചിയിലാണ് താമസം. ഫേസ്ബുക്ക് വഴിയാണ് പ്രതിയായ ലക്കി ഷര്‍മ്മ എന്ന മഹേഷ് ഉപാധ്യായ് ഇരുപതുകാരിയുമായി ബന്ധം സ്ഥാപിച്ചത്. ഹിന്ദി സിനിമാനിര്‍മ്മാതാവാണ് എന്ന് വിശ്വസിപ്പിച്ചാണ് സുഹൃത്തായത്. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി കഴിഞ്ഞ 15ന് ഇയാള്‍ പെണ്‍കുട്ടിയെ കൊച്ചിയില്‍ നിന്ന് കൊണ്ടുപോയി. എന്നാല്‍ നോയിഡയിലെത്തിയ ശേഷം ഇയാള്‍ ഹോട്ടല്‍ മുറിയില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ വിട്ടുനല്‍കാന്‍ അഞ്ചു ലക്ഷം രൂപ വേണമെന്നും ഇല്ലെങ്കില്‍ സെക്‌സ് റാക്കറ്റിന് വില്‍ക്കുമെന്നും രക്ഷിതാക്കളെ വിളിച്ച് ഭീഷണിപ്പെടുത്തി. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് നോര്‍ത്ത് പൊലീസ് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് എസ് ഐ വി പിന്‍ ദാസും സംഘവും എത്തുമ്പോള്‍ പെണ്‍കുട്ടിയെ ഒരു മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. പെണ്‍കുട്ടിയെ പൊലീസ് മോചിപ്പിച്ചു. പ്രതിയെ നാളെ കൊച്ചിയിലെത്തിക്കും.
