ലഖ്നൗ: അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട ബിഎസ്എഫ് സൈനികന്റെ കുടുംബത്തെ അപഹാസ്യരാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദർശനം. പാക് സൈനികർ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കപ്പെട്ട പ്രേം കുമാറിന്റെ വീട്ടിൽ യോഗി നടത്തിയ സന്ദര്‍ശനമാണ് വിവാദമായിരിക്കുന്നത്. സന്ദർശനം നടത്തുന്നതിനു മുന്നോടിയായി ആധുനിക സൗകര്യങ്ങൾ ഒരുക്കിയശേഷം മുഖ്യമന്ത്രി തിരിച്ചുപോയ ശേഷം അതെല്ലാം പ്രദേശിക ഭരണകൂടം എടുത്തുമാറ്റുകയായിരുന്നു.
എസി, സോഫകൾ, കർട്ടനുകൾ, കാർപ്പറ്റുകൾ, കസേരകൾ എന്നിവ ഉപയോഗിച്ച് വീട് മനോഹരമാക്കി പ്രാദേശിക ഭരണകൂടം കുടുംബത്തിനും യോഗിക്കും വിഐപി പരിഗണന നൽകി. മുഖ്യമന്ത്രിയുടെ സന്ദർശനത്തിനു പിന്നാലെ അധികൃതർ ഈ സാമഗ്രികളെല്ലാം തിരിച്ചെടുത്ത് കുടുംബാംഗങ്ങളെ ഇളിഭ്യരാക്കി.

അവർ എസി സ്ഥാപിച്ചു. സോഫ സ്ഥാപിച്ചു. തറയിൽ കാർപറ്റ് വിരിച്ചു. വെദ്യുതി നിലയ്ക്കാതിരിക്കാൻ ജനറേറ്റർവരെ കൊണ്ടുവന്നു. പക്ഷേ, മുഖ്യമന്ത്രി പോയതിനുശേഷം അവർ എല്ലാം തിരിച്ചെടുത്തു- സൈനികന്റെ സഹോദരൻ ദയാ ശങ്കർ പറയുന്നു. ഇത് തങ്ങളെ അപമാനിക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിലെ ഏറ്റവും പിന്നാക്ക പ്രദേശമായാണ് ദിയോറിയ കരുതപ്പെടുന്നത്. യോഗിയുടെ സന്ദർശനത്തിനു മുന്നോടിയായി സൈനികന്റെ വീട്ടിലേക്കുള്ള പൊടിനിറഞ്ഞ വഴി കോണ്‍ക്രീറ്റ് ചെയ്യാനും മാലിന്യ ഓടകൾ മൂടിവയ്ക്കാനുംവരെ പ്രാദേശിക ഭരണകൂടം തയാറായി.
താത്കാലികമായി സ്ഥാപിച്ച മുളന്തണ്ടിലാണ് എസി താങ്ങിനിർത്തിയത്. സൈനികന്റെ വീട്ടിൽ 25 മിനിറ്റ് വീട്ടിൽ ചെലവഴിച്ചശേഷം യോഗി മടങ്ങിയതിനൊപ്പം താത്കാലികമായി സ്ഥാപിച്ച സാധനങ്ങളുമായി അധികൃതരും മടങ്ങി.
മേയ് ഒന്നിനാണ് ജമ്മു കാഷ്മീരിലെ പൂഞ്ചിൽ പാക് സൈനികർ പ്രേം കുമാറിനെ തട്ടിക്കൊണ്ടുപോകുന്നതും അതിക്രൂരമായി മർദിച്ചു കൊലപ്പെടുത്തുന്നതും.
