ലക്ഷങ്ങള്‍ വില വരുന്നതും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതുമായ മരത്തടികള്‍ റോഡരികില്‍ കിടന്നുനശിക്കുന്നു. 

വയനാട്: ലക്ഷങ്ങള്‍ വില വരുന്നതും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതുമായ മരത്തടികള്‍ റോഡരികില്‍ കിടന്നുനശിക്കുന്നു. സുല്‍ത്താന്‍ ബത്തേരി-പാട്ടവയല്‍ റോഡില്‍ നമ്പിക്കൊല്ലിയില്‍ പൊതുമരാമത്ത് വകുപ്പിന്‍റെ അധീനതയിലുള്ള അക്കേഷ്യ മരങ്ങളാണ് മുറിച്ച് കൂട്ടിയിട്ടിരിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് മരങ്ങള്‍ മറിച്ചത്. റോഡിലേക്ക് ചെരിഞ്ഞ് അപകട ഭിഷണിയിലായ മരങ്ങള്‍ പ്രദേശവാസികളുടെ നിരന്തര ആവശ്യത്തെത്തുടര്‍ന്നാണ് മുറിച്ചത്.

എന്നാല്‍, മുറിച്ചിട്ട അന്ന് മുതല്‍ ഇന്ന് വരെ മരങ്ങള്‍ പാതയോരത്തുനിന്നും നീക്കം ചെയ്തിട്ടില്ല. ഇങ്ങനെ കൂട്ടിയിടുന്ന മരത്തടികളില്‍ ഇരുചക്രവാഹനങ്ങള്‍ അടക്കമുള്ളവ തട്ടി മറിഞ്ഞ് നിരവധി അപകടങ്ങളും ഉണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു. വേണ്ടത്ര സിഗ്നലുകള്‍ ഇല്ലാത്ത ഇവിടെ വലിയ വാഹനങ്ങളും അപകടത്തില്‍പ്പെടാറുണ്ട്.

മരത്തടികള്‍ നീക്കി യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന ആവശ്യവുമായി നാട്ടുകാര്‍ നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടി മാത്രം ഉണ്ടായില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ തടികള്‍ ഉടന്‍ നീക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നുവെങ്കിലും അതും നടപ്പിലായില്ല. പല മരങ്ങളും ദ്രവിച്ച് തീര്‍ന്നതിനാല്‍ ഇനി വിറക് വിലക്ക് പോലും വാങ്ങാന്‍ ആളുണ്ടാവില്ലെന്നാണ് നാ്ട്ടുകാര്‍ പറയുന്നത്.