ചെന്നൈ: ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ കാവല്‍ക്കാരന്‍ ഓം ബഹാദൂര്‍ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതി കെ.വി സയന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. പാലക്കാട് നിന്നുള്ള പോലീസ് സംഘം മൊഴിയെടുക്കാനായി ഇന്ന് കോയമ്പത്തൂരിലെ ആശുപത്രിയിലെത്തും. അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് പാലക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അന്വേഷണം. സയന്റെ ഭാര്യ വിനു പ്രിയയുടെയും മകള്‍ നീതുവിന്റെയും മൃതദേഹങ്ങള്‍ ഇന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. ഇരുവരുടെയും കഴുത്തില്‍ കണ്ട മുറിവുകളുടെ കാര്യത്തില്‍ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാകുന്നതോടെ വ്യക്തതയുണ്ടാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
കോടനാട്ടെ എസ്റ്റേറ്റ് കാവൽക്കാരൻ കൊല്ലപ്പെട്ട കേസിലെ പ്രതികൾ ഉൾപ്പെട്ട വാഹനാപകടങ്ങളിൽ ദുരൂഹതയേറുകയാണ്. അപകടത്തിൽ മരിച്ച കേസിലെ രണ്ടാംപ്രതി സയന്റെ ഭാര്യയുടെയും മകളുടെയും കഴുത്തിൽ ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. ഒന്നാം പ്രതി കനകരാജ് കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ചിരുന്നു. അതിനിടെ എസ്റ്റേറ്റിലെ മോഷണവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ തൃശൂരില്‍ പിടിയിലാവുകയും ചെയ്തു.
ഇന്നലെ രാവിലെ അഞ്ചരയോടെയാണ് പാലക്കാട് തൃശൂർ ദേശീയപാതയിൽ കണ്ണാടിയിൽ വച്ച് സയനും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. തമിഴ്‍നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റിലെ കാവൽക്കാരൻ റാം ബഹദൂർ കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതി കനകരാജ് കൊല്ലപ്പെട്ട് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് രണ്ടാം പ്രതി കെ.വി സയനും വാഹനാപകടത്തിൽ പെടുന്നത്. രണ്ട് സംഭവത്തിലും ദുരൂഹത തുടരുന്നതിനിടയിലാണ് അപകടത്തിൽ മരിച്ച സയന്‍റെ ഭാര്യയുടെയും മകളുടെയും മൃതദേഹത്തിൽ ഒരേ തരത്തിൽ മുറിവുകളുള്ളതായി വ്യക്തമാകുന്നത്. വിനുപ്രിയക്കും അഞ്ചു വയസ്സുകാരി നീതുവിനും കഴുത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ട്. അപകടം നടന്ന വാഹനത്തിൽ സയൻ ഇരുന്ന സീറ്റിന് സമീപത്ത് മാത്രമാണ് രക്തക്കറയുള്ളതെന്നതും ദൂരൂഹതയേറ്റുന്നു. ഇരുവരും മറ്റെവിടെയെങ്കിലും വച്ച് കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ സംശയം. ഇക്കാര്യങ്ങൾ ദുരീകരിക്കുന്നതിന് വാളയാറിലെ ടോൾപ്ലാസയിലെ ദൃശ്യങ്ങൾ ശേഖരിക്കാനാണ് പോലീസിന്‍റെ നീക്കം.
ഇക്കഴിഞ്ഞ 24 നാണ് ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റിലെ കാവൽക്കാരൻ കൊല്ലപ്പെടുന്നത്. ജയലളിതയുടെ മരണത്തിനു ശേഷം കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളെ സംബന്ധിച്ച രേഖകൾ കാണാതായ സാഹര്യത്തിൽ കോടനാട് എസ്റ്റേറ്റിലെ കാവൽക്കാരൻ കൊല്ലപ്പെട്ട കേസിലെ രണ്ട് പ്രതികളും കൊല്ലപ്പെട്ടതാണ് സംഭവത്തിൽ ദുരൂഹതയേറ്റുന്നത്.
