കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ റിമാന്റ് പ്രതി പൊലീസിനെ വെട്ടിച്ച് കടന്നു. പുതുവത്സര ആഘോഷത്തിനിടെ രണ്ട് പേരെ കുത്തി പരുക്കേല്‍പ്പിച്ച കേസിലെ പ്രതി എരുമേലി കരിങ്കല്ലുമൂഴി സ്വദേശി അരവിന്ദ് ആണ് പൊലീസിനെ വെട്ടിച്ച് കടന്നത്. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോഴാണ് പ്രതി ഓടി രക്ഷപ്പെട്ടത്.
രാവിലെ 10 മണിയോടെയാണ് സംഭവം. പൊന്‍കുന്നം സബ് ജയിലില്‍ റിമാന്റ് തടവുകാരനായിരുന്ന അരവിന്ദിനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവന്നിരുന്നു. ഇതിനിടെ പൊലീസിനെ വെട്ടിച്ച് ഓടി. അതുവഴിയെത്തിയ സ്കൂട്ടറില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. പൊലീസ് പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല.
സ്കൂട്ടറിന് നന്പര്‍ പ്ലേറ്റ് ഇല്ലാതിരുന്നതിനാല്‍ വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിമുട്ടി. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. 19 വയസുകാരനായ അരവിന്ദിനെ ഒന്നാം തീയതിയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. പുതുവത്സര ആഘോഷത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് രണ്ട് പേരെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസിലാണ് അരവിന്ദിനെ അറസ്റ്റ് ചെയ്തത്.
