മാനസീക രോഗിയാണെന്ന് പറഞ്ഞിട്ടും ജനക്കൂട്ടം ഇയാളെ സ്വതന്ത്രനാക്കിയില്ല. 

തിരുവനന്തപുരം: മോഷ്ടാവെന്ന് ആരോപിച്ച് പൊഴിയൂരില്‍ മാനസിക രോഗിയായ യുവാവിനെ ജനക്കൂട്ടം മരത്തില്‍ കെട്ടിയിട്ട് ചോദ്യം ചെയ്തു. പൊഴിയൂര്‍ കൊല്ലി സ്വദേശിയായ ജോസ് എന്ന യുവാവിനെയാണ് ജനക്കൂട്ടം കെട്ടിയിട്ടത്. ഇയാള്‍ മാനസീക രോഗിയാണെന്ന് പറഞ്ഞിട്ടും ജനക്കൂട്ടം ഇയാളെ സ്വതന്ത്രനാക്കിയില്ല. 

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. രാവിലെ എട്ട് മണിയോടെ നഗരത്തിലൂടെ നഗ്നനായി പോകുകയായിരുന്ന ജോസിനെ നാട്ടുകാര്‍ ആദ്യം ഓടിക്കുകയായിരുന്നു. പിന്നീട് ഇയാളെ പിടികൂടി മരത്തില്‍ കെട്ടിയിട്ടു. പോലീസിനെ അറിയിച്ചെങ്കിലും പോലീസ് എത്തുംവരെ ജനക്കൂട്ട വിചാരണയിലായിരുന്നു ജോസ്. നാട്ടിലുള്ള മോഷണകുറ്റങ്ങളെല്ലാം ജോസിന്റെ തലയില്‍ കെട്ടിവച്ച ജനക്കൂട്ടം ഓരോ മോഷണവും ആരോപിച്ച് ഇയാളെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇയാള്‍ക്ക് മാനസീക രോഗമാണെന്ന് പറഞ്ഞിട്ടും ജനക്കൂട്ടം പിരിഞ്ഞു പോയില്ല. 

പിന്നീട് സ്ഥലത്തെത്തിയ പൊഴിയൂര്‍ പോലീസ് ജോസിനെ കസ്റ്റഡിയിലെടുത്തു. ജോസിന്റെ രക്ഷാകര്‍ത്താക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചികിത്സാരേഖകളുമായി ബന്ധുക്കള്‍ പോലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് പൊഴിയൂര്‍ പോലീസ് ജോസിനെ കോടതിയില്‍ ഹാജരാക്കി. കോടതി ജോസിനെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

പൊഴിയൂര്‍ പ്രദേങ്ങളില്‍ കുറച്ചുനാളുകളായി നഗ്ന മോഷ്ടാവിന്റെ ശല്ല്യമുള്ളതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ മോഷ്ടാവിനെ പിടികൂടാനുള്ള നീക്കങ്ങള്‍ നടത്തിവരികയായിരുന്നു. ഈ സമയത്താണ് പകല്‍ നഗ്‌നനായിക്കണ്ട രോഗിയായ ജോസിനെ ജനകൂട്ടം പിടികൂടി വിചാരണ ചെയ്തത്. ജനക്കൂട്ടം ജോസിനെ വിചാരണചെയ്യുന്ന രംഗങ്ങള്‍ ചിത്രീകരിച്ച് മോഷ്ടാവെന്ന നിലയില്‍ സാമൂഹികമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.