കോഴിക്കോട് ട്രെയിനിൽ നിന്നും വയോധികയെ തള്ളിയിട്ട് മോഷണം നടത്തിയത് യുപി ഗാസിയാബാദ് സ്വദേശി മുഹമ്മദ് സെയ്ഫ് അസ്ഖർ അലി ചൌധരി.
കോഴിക്കോട്: കോഴിക്കോട് ട്രെയിനിൽ നിന്നും വയോധികയെ തള്ളിയിട്ട് മോഷണം നടത്തിയത് യുപി ഗാസിയാബാദ് സ്വദേശി മുഹമ്മദ് സെയ്ഫ് അസ്ഖർ അലി ചൌധരി. സംഭവത്തിന് ശേഷം കേരളം വിട്ട പ്രതിയെ പ്രത്യേക അന്വേഷണ സംഘം പിടികൂടി കോഴിക്കോടെത്തിച്ചു. ട്രെയിനുകൾ കേന്ദ്രീകരിച്ച് സ്ഥിരം മോഷണം നടത്തുന്ന ഇയാൾ മുപ്പതോളം കേസുകളിൽ പ്രതിയാണ്.
യുപി സ്വദേശിയായ മുഹമ്മദ് സെയ്ഫ് അസ്ഖർ അലി ചൌധരി മോഷണങ്ങൾ കൂടുതലും നടത്തിയിരുന്നത് മഹാരാഷ്ട്രയിലായിരുന്നു. യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം മോഷ്ടിക്കുന്നതാണ് ഇയാളുടെ പതിവ് രീതി. വെള്ളിയാഴ്ച സമ്പർക്ക ക്രാന്തി എക്സ്പ്രസിൽ നിന്നും 63കാരി അമ്മിണിയെ തള്ളിയിട്ട് മോഷണം നടത്തിയ ശേഷം ഇയാൾ മഹാരാഷ്ട്രയിലെ പൻവേലിലെത്തി. റെയിൽവെ കച്ചവടക്കാരൻ ആയിരുന്ന അസ്ഖർ അലിക്ക് ട്രെയിനിൽ വേഗത്തിൽ കയറി ഇറങ്ങി ശീലമുണ്ട്. ഈ വൈദഗ്ധ്യം ആണ് മോഷണത്തിന് ശേഷം പ്രതിയെ അതിവേഗം രക്ഷപ്പെടാൻ സഹായിച്ചത്.
മുംബൈ, പൻവേൽ, താനെ എന്നിവിടങ്ങളിലായി ലഹരി കേസ് ഉൾപ്പെടെ മുപ്പതോളം കേസുകളിൽ പ്രതിയാണ് ഇയാൾ. റെയിൽവേ പൊലീസും ആർപിഎഫും ചേർന്നുള്ള സംയുക്ത സംഘമാണ് പ്രതിയെ പിടികൂടിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ സിസിടിവി കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പ്രതിയെ ഇന്ന് വിശദമായി ചോദ്യം ചെയ്തതിന് ശേഷം കോടതിയിൽ ഹാജരാക്കും.

