പാറ്റ്ന: ട്രാക്റ്റര്‍ ഡ്രൈവറായ യുവാവിനെ ആള്‍ക്കൂട്ടം ആക്രമിച്ച് കണ്ണില്‍ ആസിഡ് കുത്തിവച്ചു. ഇയാള്‍ക്ക് ജോലി നല്‍കിയ കര്‍ഷകന്റെ ഭാര്യയുമായി ഒളിച്ചോടിപ്പോയതിന്റെ പേരിലാണ് സംഘം ആക്രമിച്ചത്. ആസിഡ് ആക്രമണത്തില്‍ ആക്രമണത്തില്‍ 30കാരനായ ഡ്രൈവറുടെ കാഴ്ച നഷ്ടമായി. സിറിഞ്ചില്‍ നിറച്ച് ആസിഡ് ഡ്രൈവറുടെ കണ്ണിലേക്ക് കുത്തിവയ്ക്കുകയായിരുന്നു.

ബിഹാറിലെ പിപ്ര ചൗക്കിലെ ഭക്ഷണശാലയുടെ പരിസരത്ത് വച്ചാണ് ആക്രമണമുണ്ടായത്. ബറാണി ഗ്രാമത്തില്‍ ട്രാക്ടര്‍ ഡ്രൈവറാണ് ഇയാള്‍. ജോലി ചെയ്യുന്ന കൃഷിയിടത്തിന്റെ ഉടമയുടെ ഭാര്യയുമായി ഇയാള്‍ ബന്ധം പുലര്‍ത്തിയിരുന്നു. ഫെബ്രുവരി 6 ന് ഇരുവരും ചേര്‍ന്ന് വീട്ടില്‍നിന്ന് ഒളിച്ചോടിപ്പോയി. സംഭവത്തില്‍ ഭാര്യയെ തട്ടിക്കൊണ്ടുപോയെന്ന് ഇയാള്‍ക്കെതിരെ ഉടമ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

എന്നാല്‍ ഫെബ്രുവരി 16ന് യുവതി തിരിച്ചെത്തുകയും കോടതിയില്‍ മൊഴി നല്‍കുകയും ചെയ്തു. ഇവരെ ഭര്‍ത്താവിനൊപ്പം പോകാന്‍ കോടതി അനുവധിക്കുകയും ചെയ്തു. അതേസമയം ഇവര്‍ കോടതിയില്‍ മൊഴി നല്‍കിയതെന്താണെന്നോ എന്താണ് തിരിച്ചു വന്നതിന് പിന്നിലെ കാരണമെന്നോ അറിയില്ല. യുവതിയുടെ ഭര്‍തൃ സഹോദരന്‍ ഡ്രൈവറെ വിളിക്കുകയും അവര്‍ക്ക് അയാള്‍ക്കൊപ്പം താമസിക്കാനാണ് താത്പര്യമെന്നും തെഗ്ര പൊലീസ് സ്റ്റേഷനിലെത്തി അവളെ കൂട്ടിക്കൊണ്ടുപോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി തെഗ്ര പൊലീസ് പറഞ്ഞു.

എന്നാല്‍ ഇതിനിടെയാണ് ഡ്രൈവര്‍ക്ക് നേരെ ആസിഡ് ആക്രമണമുണ്ടായത്. അതീവ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ച ഇയാളുടെ കാഴ്ച ആക്രമണത്തെ തുടര്‍ന്ന് നഷ്ടമായതായി പരിശോധിക്കുന്ന ഡോക്ടര്‍ വ്യക്തമാക്കി. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് വ്യക്താമാക്കി.