കൊല്ലത്ത് നടന്ന കേരളാ പൊലീസിന്‍റെ കൊക്കൂണ്‍ പരിപാടിക്കിടെ അവതാരകയോട് മോശമായി പെരുമാറിയ എസിപിക്കെതിരെ കേസെടുത്തു. സ്ത്രീകളോട് മോശമായി പെരുമാറിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എസിപി വിനയകുമാരൻ നായര്‍ക്കെതിരെ കേസെടുത്തത്.
അവതാരകയുടെ വാക്കാലുള്ള പരാതിയില്‍ കൊല്ലം റൂറല്‍ എസ്പി അജിതാ ബീഗം കഴിഞ്ഞ ദിവസം ഇവരുടെ മൊഴി രേഖപ്പെടുത്തി. അവതാരകയുടെ മൊഴിയില്‍ പറയുന്ന കാര്യങ്ങള്‍ ഇവയൊക്കെയാണ്. എസിപി വിനയകുമാരൻ നായര്‍ നിര്‍ബന്ധപൂര്‍വ്വം തന്‍റെയും സഹ അവതാരകയുടേയും വാട്സ് അപ് നമ്പര്‍ വാങ്ങി. കൂടെ നിര്‍ത്തി ഫോട്ടോ എടുപ്പിച്ചു. തുടര്‍ന്ന് മോശമായ രീതിയില്‍ സംസാരിച്ചു. അന്നേ ദിവസം രാത്രി പതിനൊന്നരയ്ക്ക് വാട്സ് ആപ്പിലൂടെ വിളിച്ചു. അശ്ലീലച്ചുവയോടെ സംസാരിച്ചു. എസിപിയുടെ ഫോണ്‍രേഖകള്‍ എസ്പി അജിതാ ബീഗം ശേഖരിച്ചു. വകുപ്പുതല നടപടിക്കൊപ്പം നിയമനടപടിയും സ്വീകരിക്കണമെന്നാണ് അന്വേഷണറിപ്പോര്‍ട്ടിലുള്ളത്. ഡിജിപിയുടെ നിര്‍ദേശാനുസരണം കൊല്ലം അഞ്ചാലുമൂട് പൊലീസാണ് വിനയകുമാരൻ നായര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിനയകുമാരൻ നായരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് പൊലീസ് തീരുമാനിക്കും. വകുപ്പ് തല നടപടിയുടെ ഭാഗമായി വിനയകുമാരൻ നായരെ ഹൈടെക് സെല്ലില്‍ നിന്നു മാറ്റിയിരുന്നു. ഇക്കഴിഞ്ഞ വെള്ളി ശനി ദിവസങ്ങളിലായാണ് കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് കൊക്കൂണ്‍ 2016 സംഘടിപ്പിച്ചത്. ഈ പരിപാടിക്കെതിരെ വിജിലൻസ് അന്വേഷണവും നടന്നുവരുകയാണ്.
