തിരുവനന്തപുരം: അനധികൃത സ്വത്തു സമ്പാദന കേസില്‍ പ്രതിയായ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള റിപ്പോര്‍ട്ട് വൈകും. അടുത്ത മാസം മൂന്നിന് ശേഷമായിരിക്കും റിപ്പോര്‍ട്ട് നല്‍കുകയെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പറഞ്ഞു. ജേക്കബ് തോമസ് അവധിയെടുത്ത് സ്വകാര്യ കോളജില്‍ പഠിപ്പിക്കാന്‍ പോയത് സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജി വ്യാഴാഴ്ചയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

കോടതിയുടെ തീരുമാനത്തിനുശേഷമാകും ടോം ജോസിനെതിരെ നടപടി ആവശ്യപ്പെടുന്ന റിപ്പോ‍ര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് നല്‍കുന്നത്. ഇപ്പോള്‍ കേസില്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കാനുള്ള ജോലികളാണ് നടക്കുന്നതെന്ന് ജേക്കബ് തോമസ് പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ കെ.എം.എബ്രഹാമിന്റെ വീട്ടില്‍ പരിശോധന നടത്തിയ എസ്‌പി രാജേന്ദ്രനെതിരായ നടപടി പരിശോധിക്കുന്നതും ഇതിനുശേഷമായിരിക്കും.

അനധികൃത സ്വത്തു സമ്പാദ കേസില്‍ ടോം ജോസില്‍ നിന്നും വിജിലന്‍സ് വൈകാതെ മൊഴിയെടുക്കും. മഹാരാഷ്‌ട്രയിലെ ഭൂമി ഇടപാട് വിജിലസ് പ്രത്യേകം പരിശോധിക്കും. ഭൂമി വിറ്റയാളിനെ ചോദ്യം ചെയ്യാനും രേഖകള്‍ പരിശോധിക്കാനുമായി വിജിലന്‍സ് സംഘം മഹാരാഷ്ട്രയിലേക്ക് പോകും.ആദായനികുതി വകുപ്പില്‍ നിന്നുള്ള രേഖകള്‍ ആവശ്യപ്പെട്ട് വിജിലന്‍സ് കത്ത് നല്‍കും.