കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസിനെ പ്രതിരോധത്തിലാക്കാന്‍ നടന്‍ ദിലീപിന്റെ ശ്രമം. ജയിലില്‍ നിന്ന് പള്‍സര്‍ സുനി എഴുതിയ കത്ത് തനിക്ക് കിട്ടിയ ദിവസം തന്നെ അത് വാട്സ് ആപ് വഴി ഡി.ജി.പിക്ക് കൈമാറിയെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യ ഹര്‍ജിയില്‍ അവകാശപ്പെടുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഇത് സംബന്ധിച്ച പരാതിയും നല്കി. എന്നാല്‍ സുനിയുടെ കത്ത് സംബന്ധിച്ച് ദിലീപ് 20 ദിവസം കഴിഞ്ഞാണ് പരാതി നല്കിയതെന്ന പ്രോസിക്യൂഷന്‍ വാദം തെറ്റാണെന്ന് ദിലീപ് ഹര്‍ജിയില്‍ പറയുന്നു.

താര സംഘടനയായ അമ്മയുടെ റിഹേഴ്‌സല്‍ ക്യാമ്പ് നടക്കുമ്പോള്‍ ദിലീപ് അബാദ് പ്ലാസയില്‍ താമസിച്ചിരുന്നുവെന്നും അന്ന് മുകേഷിന്റെ ഡ്രൈവറായ പള്‍സര്‍ സുനി, അവിടെ കാര്‍ പാര്‍ക്കിംഗ് സ്ഥലത്ത് വന്നിരിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് മറ്റൊരു വാദം. അമ്മയുടെ റിഹേഴ്സല്‍ ക്യാമ്പ് നടക്കുമ്പോള്‍ ഹോട്ടലില്‍ വെച്ചും പാര്‍ക്കിങ് സ്ഥലത്ത് വെച്ചും ദിലീപും സുനില്‍കുമാറും ഗൂഢാലോചന നടത്തിയെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. ഇതിനെ ഖണ്ഡിക്കാനാണ് ദിലീപിന്റെ അഭിഭാഷകന്‍ പുതിയ വാദങ്ങള്‍ ഹര്‍ജിയില്‍ ഉന്നയിച്ചത്. ദിലീപും സുനില്‍ കുമാറും ഒരേ മൊബൈല്‍ ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നു എന്ന വാദത്തിന് അര്‍ത്ഥമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.